നരഭോജി കടുവ കല്ലൂർക്കുന്നിൽ; പശുവിനെ കൊന്നു

സുൽത്താൻ ബത്തേരി: വയനാട് വാകേരി കൂടല്ലൂരിൽ ക്ഷീരകർഷകനെ കൊന്ന നരഭോജി കടുവ സമീപപ്രദേശമായ കല്ലൂർക്കുന്നിലും എത്തി. വാകയിൽ സന്തോഷ് എന്നയാളുടെ പശുവിനെ കൊന്നു. ഇന്നലെ രാത്രി 12ഓടെയാണ് സംഭവം. പശുവിനെ അൽപദൂരം വലിച്ചിഴച്ചു കൊണ്ടുപോയി. കൂടല്ലൂരിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. പ്രജീഷിന്‍റെ ജീവനെടുത്ത കടുവ തന്നെയാണ് കല്ലൂർക്കുന്നിലും എത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കാൽപാടുകൾ പരിശോധിച്ചാണ് കടുവയെ സ്ഥിരീകരിച്ചത്.
കടുവക്കായുള്ള തിരച്ചിൽ എട്ടാം ദിവസമായ ഞായറാഴ്ചയും തുടരുകയാണ്.തിരച്ചിൽ ഒരാഴ്ച പിന്നിട്ട പശ്ചാത്തലത്തിൽ പ്രദേശത്ത് ഇന്നലെ സർവകക്ഷി യോഗം ചേർന്നിരുന്നു. കടുവയെ പിടിക്കാനുള്ള നടപടികൾ ഊർജിതമാക്കാനും പ്രദേശത്ത് ഭയരഹിതമായ അന്തരീക്ഷമൊരുക്കാൻ നടപടികൾ സ്വീകരിക്കാനും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്ന് ആര്‍.ആര്‍.ടി അംഗങ്ങളെ വാകേരിയിലേക്ക് എത്തിക്കാനും ഉത്തര മേഖല സി.സി.എഫ്, സൗത്ത് വയനാട് ഡി.എഫ്.ഒ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
ADSADSDASADSADS