ഇറ്റലിയിൽ അഭയാർത്ഥി ബോട്ട് തകർന്ന് 59 മരണം

ഇറ്റലിയിലെ കലാബ്രിയയിൽ അഭയാർത്ഥി കൾ സഞ്ചരിച്ച ബോട്ട് തകർന്ന് 59 പേർ മരിച്ചു, 40 പേരെ രക്ഷപ്പെടുത്തി. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്. 150ഓളം പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണു വിവരം. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. 27 പേരുടെ മൃതദേഹം തീരത്ത് അടിഞ്ഞ നിലയിലാണു കണ്ടെത്തിയത്. ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. കരയ്ക്കെത്താൻ ചെറിയ ദൂരം ഉള്ളപ്പോഴാണ് അപകടമുണ്ടായത്. മോശപ്പെട്ട കാലാവസ്ഥയും ബോട്ട് പാറക്കെട്ടിലിടിച്ചതുമാണ് അപകട കാരണം. അതേസമയം അനധികൃതമായി അഭയാർഥികളെ എത്തിക്കുന്നതു കർശനമായി തടയുമെന്ന് ഇറ്റലി ആഭ്യന്തരമന്ത്രി മതിയോ പിയാന്റെഡോസി പറഞ്ഞു. യൂറോപ്പിലേക്ക് അഭയാർഥികൾ എത്തുന്നത് മെഡിറ്ററേനിയൻ കടൽവഴി ഇറ്റലിയിലാണ്. വളരെ അപകടകരമായ ജലമാർഗമാണിത്. ഈ വഴി യൂറോപ്പിലേക്കു കടക്കാൻ ശ്രമിച്ച 20,333 പേർ 2014നു ശേഷം മാത്രം കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.
464e64