"ഞാൻ അവരെ കൊന്നുകൊണ്ടിരിക്കുകയാണ്"; ഇറാനെതിരെ പ്രകോപനവുമായി ട്രംപ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാനും ഇസ്രായേൽ-അമേരിക്കൻ സഖ്യവും തമ്മിലുള്ള യുദ്ധം അതിരൂക്ഷമായി തുടരുന്നതിനിടെ ഇറാൻ ഭരണകൂടത്തിന് കനത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "ഭ്രാന്തൻമാരായ ആ മനുഷ്യർക്ക് ഇന്ന് എന്ത് സംഭവിക്കുമെന്ന് കണ്ടുനോക്കൂ" എന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇറാന്റെ നാവിക-വ്യോമ സേനകൾ നിലവിലില്ലെന്നും അവരുടെ മിസൈലുകളും ഡ്രോണുകളും പൂർണ്ണമായും തകർത്തുവെന്നും ട്രംപ് അവകാശപ്പെട്ടു. "കഴിഞ്ഞ 47 വർഷമായി ലോകമെമ്പാടും നിരപരാധികളെ കൊന്നൊടുക്കുകയായിരുന്നു അവർ. ഇപ്പോൾ അമേരിക്കയുടെ 47-ാമത് പ്രസിഡന്റായ ഞാൻ അവരെ കൊന്നുകൊണ്ടിരിക്കുകയാണ്," ട്രംപ് കുറിച്ചു. ഇറാനിലെ മിസൈൽ കേന്ദ്രങ്ങളും നാവിക വ്യൂഹവും തകർത്തതായും നേതാക്കളെ വകവരുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.
ട്രംപിന്റെ ഭീഷണികൾക്ക് മറുപടിയുമായി ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ അലി ലാരിജാനി രംഗത്തെത്തി. യുദ്ധം തുടങ്ങാൻ എളുപ്പമാണെന്നും എന്നാൽ അത് അവസാനിപ്പിക്കാൻ ഏതാനും ട്വീറ്റുകൾ കൊണ്ട് സാധിക്കില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. അമേരിക്കയുടെ തെറ്റുകൾ സമ്മതിച്ച് വില നൽകേണ്ടി വരും വരെ തങ്ങൾ പോരാട്ടം തുടരുമെന്നും ലാരിജാനി മുന്നറിയിപ്പ് നൽകി.
ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനി കഴിഞ്ഞ ദിവസം പുറത്തുവിട്ട ആദ്യ സന്ദേശത്തിൽ പ്രതികാരം ചെയ്യുമെന്നും ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്നും വ്യക്തമാക്കിയിരുന്നു.
SADSSAD


