അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍റെ കൊച്ചുമകൾ വിവാഹിതയാകുന്നു; വിവാഹം വൈറ്റ് ഹൗസിൽ

അമേരിക്കൻ പ്രസിഡന്‍റെ ജോ ബൈഡന്‍റെ കൊച്ചുമകൾ നയോമി ബൈഡൻ വിവാഹിതയാകുന്നു. ശനിയാഴ്ച വൈറ്റ് ഹൗസിന്‍റെ സൗത്ത് ലോണിൽ വച്ചാണ് വിവാഹം നടക്കുക. പീറ്റർ നീലാണ് വരൻ. ഹണ്ടർ ബൈഡന്‍റെയും കാത്‍ലിന്‍റെയും മകളാണ് നയോമി. പെൻസിൽവാനിയ സർവകലാശാലയിൽ നിന്നും നിയമത്തിൽ ബിരുദം നേടിയിട്ടുള്ള ആളാണ് പീറ്റർ നീൽ. പ്രസിഡന്‍റിന്‍റെ ചെറുമകൾ വൈറ്റ് ഹൗസിന്‍റെ ഇടനാഴിയിലൂടെ വധുവിന്‍റെ വേഷത്തിലെത്തുന്നത് അമേരിക്കൻ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്. 18 വിവാഹങ്ങൾക്ക് സാക്ഷ്യം വഹിച്ച വൈറ്റ് ഹൗസിലെ രേഖാമൂലമുള്ള പത്താമത്തെ വിവാഹമാണിത്. കൂടുതലും പ്രസിഡന്‍റുമാരുടെ പെണ്‍മക്കളുടെ വിവാഹമാണ് നടന്നിട്ടുളളത്.
ഒരു പ്രസിഡന്‍റിന്‍റെ ചെറുമകൾ വധുവായി നടക്കുന്ന ആദ്യ വിവാഹമായിരിക്കും ഇതെന്ന് വൈറ്റ് ഹൗസ് ഹിസ്റ്റോറിക്കൽ അസോസിയേഷൻ പറയുന്നു. 28കാരിയായ നയോമിയും 25കാരനായ നീലും കഴിഞ്ഞ നാലു വർഷമായി ഒരുമിച്ചാണ് കഴിയുന്നത്. വാഷിംഗ്ടണിലാണ് ഇരുവരും താമസിക്കുന്നത്. അഭിഭാഷകയാണ് നയോമി. ഈയിടെയാണ് നീൽ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ ലോ സ്കൂളിൽ നിന്നും ബിരുദം നേടിയത്. ‘’എന്‍റെ ചെറുമകൾ അവളുടെ കല്യാണം പ്ലാൻ ചെയ്യുന്നു. സ്വതന്ത്രമായി അവൾ വളരുകയാണ്. സ്വന്തമായി തീരുമാനങ്ങളെടുക്കുന്നു. അവൾ വളരെ സുന്ദരിയാണ്’’ പ്രഥമ വനിത ജിൽ ബൈഡൻ പറഞ്ഞതായി എ.പി റിപ്പോർട്ട് ചെയ്യുന്നു.
dyftu