ഗോത്തബയ മടങ്ങിയെത്തിയാൽ സംഘർഷം ആളിക്കത്തും: റനിൽ

ശ്രീലങ്കയിൽ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് രാജ്യംവിട്ട മുൻ പ്രസിഡന്‍റ് ഗോത്തബയ രാജപക്സെ ഇപ്പോൾ മടങ്ങിയെത്തുന്നത് രാജ്യത്ത് രാഷ്‌ട്രീയസംഘർഷം ആളിക്കത്തിക്കുമെന്ന് പിൻഗായി റനിൽ വിക്രമസിംഗെ. സാന്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള കലാപം രാജപക്സെയുടെ സാന്നിധ്യത്തിൽ കൂടുതൽ ശക്തമാകുമെന്നു വാൾസ്ട്രീറ്റ് ജേർണലിനു നൽകിയ അഭിമുഖത്തിൽ റനിൽ പറഞ്ഞു.
കഴിഞ്ഞ 20 നാണ് റനിലിനെ പ്രസിഡന്‍റായി ശ്രീലങ്കൻ പാർലമെന്‍റ് തെരഞ്ഞെടുത്തത്. ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് മാലിദ്വീപിലേക്കും അവിടെ നിന്നു സിംഗപൂരിലേക്കും രാജപക്സെ നീങ്ങുകയായിരുന്നു. രാജപക്സെയുടെ അഭാവത്തിൽ പ്രസിഡന്‍റിന്‍റെ ചുമതല വഹിച്ചിരുന്നതും റനിലാണ്.
ഗോത്താബയ ഒളിച്ചിരിക്കുകയല്ലെന്നും ഉടൻ രാജ്യത്ത് തിരിച്ചെത്തുമെന്നും കാബിനറ്റ് വക്താവ് ബന്ദുല ഗുണവർധനെ അടുത്തിടെ പറഞ്ഞിരുന്നു. ഗോത്താബയയുമായി ഭരണപരമായ കാര്യങ്ങൾ വിക്രമസിംഗെ ചർച്ച ചെയ്യുന്നുണ്ട്. ശ്രീലങ്കയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് മുൻ പ്രസിഡന്‍റ് സൂചനകളൊന്നും നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.