കിഴക്കൻ യുക്രെയ്നിലെ സ്‌കൂളിൽ റഷ്യൻ ആക്രമണം; മൃതദേഹങ്ങൾ കണ്ടെത്തി

യുക്രെയ്നിന്റെ കിഴക്കൻ മേഖലകളിൽ റഷ്യ നടത്തിയ ആക്രമണത്തിൽ തകർന്ന സ്കൂളിൽനിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റഷ്യ ആക്രമണം തുടരുന്നതിനിടെ വെള്ളിയാഴ്ചയാണ് മൃതദേഹങ്ങൾ ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിലെ ജനസാന്ദ്രതയുള്ള പ്രദേശത്ത് വ്യാഴാഴ്ച കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം.
അതേസമയം, കരിങ്കടൽ വഴിയും റഷ്യയിലൂടെയും ധാന്യങ്ങളും വളങ്ങളും കയറ്റുമതി ചെയ്യുന്നതിനായി യുക്രെയ്ന് അനുമതി ലഭിച്ചത് മഞ്ഞുരുക്കത്തിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട്. എന്നാൽ, ഇതിനപ്പുറം യുദ്ധം നിർത്താനുള്ള മറ്റ് സൂചനകളൊന്നും ഉണ്ടായിട്ടില്ല.
ഡോൺബാസ് മേഖല കീഴടക്കാൻ റഷ്യൻ സൈന്യം ശ്രമം ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഡൊനെറ്റ്സ്ക് പ്രവിശ്യയിലെ ക്രാമാറ്റോർസ്കിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ഒരു സ്കൂൾ തകരുകയും 85 താമസ കെട്ടിടങ്ങൾക്ക് കേടുപാടുകളുണ്ടാവുകയും ചെയ്തതായി യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.സ്‌കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള റഷ്യയുടെ നടപടി വളരെ വേദനാജനകമാണെന്നും സാധാരണക്കാരെയും നഗരങ്ങളെയും നാശത്തിലേക്ക് നയിക്കുന്നത് സമാധാന നീക്കങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ഡൊണെറ്റ്‌സ്‌ക് ഗവർണർ പാവ്‌ലോ കിറിലെങ്കോ പറഞ്ഞു. ആക്രമണം നടക്കുന്നിടങ്ങളിൽനിന്ന് ആളുകളോട് ഉടൻ ഒഴിഞ്ഞുപോകാനും അദ്ദേഹം നിർദേശിച്ചു.