യുദ്ധം അവസാനിപ്പിക്കാൻ സമയമായി; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയിൽ മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ
ശാരിക I അന്തർദേശീയം
ബ്രസ്സൽസ്: ഇറാനും ഇസ്രായേൽ-അമേരിക്ക സഖ്യവും തമ്മിലുള്ള യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കവെ, സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസ്. യുദ്ധം തുടങ്ങുന്നതിനെക്കുറിച്ചോ അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചോ ഇയു രാജ്യങ്ങളുമായി കൂടിയാലോചന നടത്തിയില്ലെന്നതിൽ അംഗരാജ്യങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്ന് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കല്ലാസ് മുന്നറിയിപ്പ് നൽകി. ഇന്ധന ടാങ്കറുകളുടെ സുരക്ഷയ്ക്കായി ഹോർമുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകൾ അയക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സഖ്യകക്ഷികളോട് ആവശ്യപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഇവരുടെ പ്രതികരണം. എന്നാൽ, ഹോർമുസ് കടലിടുക്കിൽ തങ്ങളുടെ സൈന്യത്തെ അപകടത്തിലാക്കാൻ ആരും തയ്യാറല്ലെന്നും നയതന്ത്ര ചർച്ചകളിലൂടെ പാത തുറന്നിടാനാണ് ശ്രമിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
ഹോർമുസ് പാത തടസ്സപ്പെട്ടാൽ ലോകം വലിയ തോതിലുള്ള ഭക്ഷണ, വളം, ഊർജ്ജ പ്രതിസന്ധികളെ നേരിടേണ്ടി വരും. കരിങ്കടലിൽ (Black Sea) നടപ്പിലാക്കിയതിന് സമാനമായ ഒരു മാതൃക ഹോർമുസ് കടലിടുക്കിലും പരീക്ഷിക്കാവുന്നതാണെന്ന് അവർ നിർദ്ദേശിച്ചു. മേഖലയിലെ സംഘർഷം നീണ്ടുപോകുന്നത് ആഗോള വിപണിയെ തകിടം മറിക്കുമെന്ന ആശങ്ക ശക്തമാണ്.
aaa



