ഷിൻസോ ആബെയുടെ അന്തിമോപചാര ചടങ്ങ് സെപ്റ്റംബറിൽ

വെടിയേറ്റ് മരിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയോടുള്ള ആദര സൂചകമായി സെപ്റ്റംബർ 27ന് ഔദ്യോഗിക അന്തിമോപചാര ചടങ്ങുകൾ സംഘടിപ്പിക്കാൻ ജപ്പാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിനെതിരെ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നതോടെ ചടങ്ങ് വിവാദമായിരിക്കുകയാണ്.
കൂടുതൽ കാലം പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന ജാപ്പനീസ് നേതാവെന്ന നിലയിലും അദ്ദേഹത്തിന്റെ വിശിഷ്ട സംഭാവനകളും സാമ്പത്തിക രംഗത്ത് ജപ്പാനെ മികച്ച ശക്തിയാക്കി മാറ്റിയതും പരിഗണിച്ച് ആബെയുടെ അന്തിമോപചാര ചടങ്ങുകൾ ഔദ്യോഗികമായിത്തന്നെ വിപുലമായി നടത്തുന്നത് ഉചിതമാണെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി ഹിരോകാസു മാറ്റ്സുനോ പറഞ്ഞു. 1964ലെ ടോക്യോ ഒളിമ്പിക്‌സിനായി നിർമിച്ച നിപ്പോൺ ബുഡോകാനിൽ ഒരു മതേതര ചടങ്ങായി അദ്ദേഹത്തിന്റെ സംസ്‌കാരം നടത്തുമെന്നും ചടങ്ങിലേക്ക് വിദേശത്തെ പ്രമുഖരെ ക്ഷണിക്കുമെന്നും മാറ്റ്സുനോ പറഞ്ഞു.
അതേ സമയം സംസ്കാര ചടങ്ങുകൾ രാജ്യത്തിന്റെ ഔദ്യോഗിക ചടങ്ങാക്കി മാറ്റുന്നതിനോട് പ്രതിപക്ഷ നേതാക്കളിൽനിന്നും പൊതുജനങ്ങളിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് പുറത്തുവരുന്നത്. ചിലർ ചടങ്ങിനായി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കുന്നതിനെതിരെ രംഗത്തു വന്നു. ആബെയുടെ സംസ്‌കാരച്ചടങ്ങിനെ എതിർക്കുന്ന ഒരു വിഭാഗം ഈ തീരുമാനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച കോടതിയെ സമീപിച്ചിരുന്നു.