സർക്കാരിനെ വിമർശിച്ചു; ഇറാനിൽ ജാഫർ പനാഹിയടക്കം മൂന്ന്‌ സംവിധായകർ അറസ്‌റ്റിൽ


ഇറാനിൽ സർക്കാരിനെതിരെ വിമർശനമുന്നയിച്ചതിന്‌ ഒരാഴ്‌ചക്കിടെ അറസ്‌റ്റിലായത്‌ മൂന്ന്‌ സംവിധായകർ. ജാഫർ പനാഹി, മുഹമ്മദ് റസൂലോഫ്, മുസ്‌തഫ അലഹ്‌മ്മദ് എന്നീ ലോകപ്രശസ്‌ത ഇറാനിയൻ സംവിധായകരെയാണ്‌ അറസ്റ്റ് ചെയ്‌തത്‌. ഇറാൻ ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്‌. കലാപ അന്തരീക്ഷം സൃഷ്‌ടിച്ചു എന്നാരോപിച്ചാണ്‌ മൂന്നുപേരെയും അറസ്‌റ്റ്‌ ചെയ്‌തത്‌.

കഴിഞ്ഞ മേയിൽ അബദാൻ നഗരത്തിൽ കെട്ടിടം തകർന്ന്‌ 41 പേർ മരിച്ചിരുന്നു. ഇതിന്‌ പിന്നിൽ അഴിമതി ആരോപിച്ച്‌ വലിയ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ച സർക്കാരിനെതിരെ ഇവർ മൂന്നുപേരും രംഗത്തെത്തിയിരുന്നു. സേനയോട്‌ ആയുധം താഴ്‌വയ്‌ക്കാൻ ആവശ്യപ്പെട്ടുള്ള അഭ്യർത്ഥനയിലും ഇവർ ഒപ്പുവച്ചിരുന്നു. ഇറാനിയൻ സിനിമകളെ ലോകശ്രദ്ധയിലേക്ക്‌ കൊണ്ടുവരുന്നതിൽ പ്രധാന പങ്ക്‌ വഹിച്ചയാളാണ്‌ പനാഹി. 2009ൽ ആറ് വർഷത്തെ തടവ് ശിക്ഷയാണ് അദ്ദേഹത്തിന് നൽകിയത്. 20 വർഷത്തേക്ക് സിനിമകൾ സംവിധാനം ചെയ്യാനോ തിരക്കഥ എഴുതാനോ പാടില്ല. സിനിമയുമായി ബന്ധപ്പെട്ട് അഭിമുഖങ്ങൾ നടത്താൻ പാടില്ലെന്നും വിധിച്ചിരുന്നു. രാജ്യത്തിന് പുറത്തേക്ക് പോകാൻ പാടില്ലെന്നും നിബന്ധനയുണ്ടായിരുന്നു. പനാഹിയുടെ സിനിമകൾ സ്വതന്ത്രചിന്ത വളർത്തുന്നു എന്നതായിരുന്നു കുറ്റം. 2015ൽ ബെർലിൻ ഗോൾഡൻ ബിയർ പുരസ്കാരം ടാക്സി എന്ന ചിത്രത്തിനായിരുന്നു. 2018ൽ ∍ത്രീ ഫെയ്‌സ്∍ കാൻസ് പുരസ്‌കാരം നേടി. ഈ ചിത്രങ്ങൾ പനാഹി സംവിധാനം ചെയ്‌തത് രഹസ്യമായിട്ട് ആയിരുന്നു.

മൂന്ന് ഇറാനിയൻ സംവിധായകരുടേയും അറസ്റ്റിനെ അപലപിച്ച് 'കാൻ' പ്രസ്‌താവനയിറക്കി. കലാകാരൻമാർക്കെതിരെ നടക്കുന്ന അടിച്ചമർത്തൽ ആണെന്നും മൂന്ന് പേരെയും ഉടൻ വിട്ടയക്കണമെന്നും പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed