പാക്കിസ്ഥാനിൽ പോളിയോ വാക്സിനേഷൻ സംഘത്തിലെ മൂന്നുപേരെ വെടിവച്ചു കൊലപ്പെടുത്തി


പാക്കിസ്ഥാനിൽ പോളിയോ വാക്സിനേഷൻ സംഘത്തിനുനേരേ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ രണ്ടു പോലീസുകാർ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന നോർത്ത് വസീറിസ്ഥാൻ ജില്ലയിലാണു സംഭവം. മേഖലയിൽ ഈ വർഷം ഒന്പതു പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നു ഡോർ-ടു-ഡോർ പോളിയോ പ്രതിരോധ വാക്സിനേഷൻ ഊർജിതമാക്കിയിരുന്നു. ഇത്തരത്തിൽ പ്രവർത്തിച്ച സംഘത്തിനുനേരേയാണ് ആയുധധാരി നിറയൊഴിച്ചത്. വാക്സിനേഷൻ സംഘത്തിലെ ജീവനക്കാരിയാണു കൊല്ലപ്പെട്ടവരിലൊരാൾ. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെ ഖൈബർ പഷ്തൂണ്‍ക്വ മുഖ്യമന്ത്രി മെഹ്മദ് ഖാൻ അപലപിച്ചു.

പാക്കിസ്ഥാനിൽ പോളിയോ പ്രതിരോധന വാക്സിനേഷൻ സംഘത്തിനുനേരേ അടുത്തിടെ ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. മാർച്ചിൽ, വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ പോളിയോ വാക്സിനേഷൻ സംഘത്തിലെ ജീവനക്കാരിയെ വെടിവച്ചുകൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ വാക്സിനേഷൻ സംഘത്തിനു സംരക്ഷണം നൽകിയിരുന്ന പോലീസുകാരനെ നിറയൊഴിച്ചു കൊലപ്പെടുത്തിയ സംഭവവുമുണ്ടായി. രാജ്യത്തെ ഇസ്‌ലാമിക തീവ്രവാദ സംഘടനകള്‍ വാക്‌സിനേഷന് എതിരാണ്.ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നു പോളിയോ നിർമാർജനം ചെയ്യാൻ കഴിഞ്ഞിട്ടില്ല.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed