ജി-7 റഷ്യൻ സ്വർണം നിരോധിക്കും


ജി-7 രാജ്യങ്ങൾ റഷ്യയിൽനിന്നുള്ള സ്വർണ ഇറക്കുമതി നിരോധിക്കുമെന്നു യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ അറിയിച്ചു. യുക്രെയ്നെ ആക്രമിക്കുന്ന റഷ്യയെ അന്താരാഷ്‌ട്ര സാന്പത്തികമേഖലയിൽ കൂടുതൽ ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ടാണു നടപടി.

സന്പന്നരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7ന്‍റെ വാർഷിക ഉച്ചകോടി ഇന്നലെ ജർമനിയിലെ ബവേറിയയിൽ ആരംഭിക്കുന്നതിനു മുന്പാണു ബൈഡൻ ഇക്കാര്യം അറിയിച്ചത്. ഗ്രൂപ്പിലെ അമേരിക്ക, ബ്രിട്ടൻ, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങൾ തീരുമാനം എടുത്തുകഴിഞ്ഞു. മറ്റ് അംഗങ്ങളായ ഇറ്റലി, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളും അനുകൂലിക്കുമെന്നു ബൈഡൻ പറഞ്ഞു. അന്തിമതീരുമാനം ചൊവ്വാഴ്ചയുണ്ടാകും.

എണ്ണയ്ക്കും പ്രതൃതിവാതകത്തിനു ശേഷം റഷ്യയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് സ്വർണത്തിൽനിന്നാണ്. 2020ൽ സ്വർണക്കയറ്റുമതിയിൽനിന്നുള്ള റഷ്യയുടെ വരുമാനം 1,900 കോടി ഡോളറായിരുന്നു. ആഗോള കയറ്റുമതിയിലെ അഞ്ചുശതമാനം വരുമിത്. റഷ്യയുടെ 90 ശതമാനം സ്വർണക്കയറ്റുമതിയും ജി-7 രാജ്യങ്ങളിലേക്കാണ്. അതിൽത്തന്നെ 90 ശതമാനവും ബ്രിട്ടനിലേക്കാണ്.

സ്വർണനിരോധനം റഷ്യക്കു ശക്തമായ തിരിച്ചടിയായിരിക്കുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. വരുന്ന ആഴ്ചകളിൽ പാർലമെന്‍റിൽ നിയമം പാസാക്കി നിരോധനം പ്രാബല്യത്തിൽ വരുത്തുമെന്ന് ബ്രിട്ടീഷ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

You might also like

Most Viewed