നേപ്പാൾവിമാന ദുരന്തം; ഇന്ത്യക്കാർ ഉൾപ്പെടെ വിമാനത്തിലെ 22 യാത്രക്കാരും മരിച്ചതായി സൂചന

നേപ്പാളിൽ തകർന്ന് വീണ താര എയർസിന്റെ 9 എൻഎഇടി വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. വിമാനത്തിലെ 22 യാത്രക്കാരും മരിച്ചുവെന്നാണ് പുറത്തുവരുന്ന പ്രാഥമിക നിഗമനം. ലക്ഷ്യ സ്ഥാനത്തിറങ്ങാൻ ആറു മിനിട്ട് ശേഷിക്കെ വിമാനം തകർന്നു വീഴുകയായിരുന്നുവെന്നാണ് നിഗമനം. സനോസർ എന്ന പറയുന്ന പ്രദേശത്താണ് വിമാനം തകർന്ന് വീണത്. അൽപ്പമുന്പാണ് നേപ്പാൾ ആർമിയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം പുനരാരംഭിച്ചത്. കൃത്യമായി ഈ സ്ഥലം ലൊക്കേറ്റ് ചെയ്ത ശേഷം കാൽനടയായി ഒരു സംഘവും വ്യോമ മാർഗം ഒരു സംഘവും പ്രദേശത്തെത്തുകയായിരുന്നു. അവർ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
മുംബൈയിലെ നാലംഗ കുടുംബം അടക്കം 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെയാണ് നേപ്പാളിലെ പൊക്കാറയിൽ നിന്ന് ജോംസമിലേക്ക് 22 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം കാണാതായത്. 10.15ന് ടേക്ക് ഓഫ് ചെയ്ത വിമാനം 15 മിനിറ്റ് പിന്നിട്ടതോടെ കാണാതാകുകയായിരുന്നു.
22 യാത്രക്കാരിൽ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നിവരാണ് ഇന്ത്യക്കാർ. മുംബൈ സ്വദേശികളായ നാല് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. നാല് ഇന്ത്യക്കാരെ കൂടാതെ 13 നേപ്പാൾ സ്വദേശികളും രണ്ട് ജർമ്മൻ പൗരന്മാരും 3 നേപ്പാൾ സ്വദേശികളായ ക്യാബിൻ ക്രൂവുമാണ് വിമാനത്തിലുണ്ടായിരുന്നത്. സൈന്യം തിരച്ചിൽ തുടരുന്നതിനിടെ ഇന്നലെ വൈകിട്ടോടെ വിമാനാവശിഷ്ടങ്ങൾ കണ്ടതായി ഗ്രാമീണർ അറിയിച്ചു. മുസ്തങ്ങിലെ കോവാങ് എന്ന സ്ഥലത്താണ് വിമാനം കണ്ടെത്തിയത്. ഇതനുസരിച്ച് സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവർത്തകരും സൈന്യവും പുറപ്പെട്ടെങ്കിലും മോശം കാലാവസ്ഥ കാരണം ഇന്നലെ രക്ഷാ പ്രവർത്തനം നിർത്തി വച്ചിരുന്നു. തുടർന്ന് ഇന്ന് രക്ഷാപ്രവർത്തനം പുനരാരംഭിക്കുകയായിരുന്നു.