സോണിയ ഗാന്ധി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നതാണ്; എന്തുകൊണ്ട് നൽകിയില്ലെന്ന് നടി നഗ്മ

രാജ്യസഭാ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പരസ്യമാക്കി കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. കോൺഗ്രസിൽ ചേർന്നപ്പോൾ തനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നതാണെന്നും പിന്നെ എന്തുകൊണ്ട് നൽകിയില്ലെന്നും നടിയും മഹിളാ കോൺഗ്രസ് നേതാവുമായ നഗ്മ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു നഗ്മയുടെ വിമർശനം. 2003−04 വർഷത്തിൽ ഞാൻ കോൺഗ്രസിൽ ചേർന്നപ്പോൾ എനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതാണ്. അധികാരത്തിലില്ലാത്ത വർഷങ്ങളുൾപ്പടെ, ഇപ്പോൾ 18 വർഷമായി. എനിക്കെന്തുകൊണ്ട് രാജ്യസഭാ സീറ്റിന് അവകാശമില്ല− എന്നാണ് നഗ്മയുടെ ട്വീറ്റ്.
രാജ്യസഭ സീറ്റ് കിട്ടാത്തതിൽ മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയും പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. എന്‍റെ തപസ്യയിൽ എന്തോ ഒന്നിന്‍റെ അഭാവമുണ്ടെന്നു തോന്നുന്നുവെന്നാണ് പവൻ ഖേര ട്വീറ്റ് ചെയ്തത്.
രാജ്യസഭ സീറ്റ് നിർണയത്തിൽ കടുത്ത പ്രതിഷേധവുമായി രാജസ്ഥാൻ ഘടകവും രംഗത്തെത്തി. പുറത്ത് നിന്ന് നേതാക്കളെ പരിഗണിച്ചത് പുനഃപരിശോധിക്കണം. ഇല്ലെങ്കിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിക്ക് കാരണമായേക്കുമെന്നും രാജസ്ഥാൻ ഘടകം അറിയിച്ചു.