അമേരിക്കയിലെ സ്‌കൂളിൽ വെടിവെയ്പ്പ്; 18 കുട്ടികൾ ഉൾപ്പെടെ 21 പേ‍ർ മരിച്ചു


അമേരിക്കയിലെ സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ 21 പേർ കൊല്ലപ്പെട്ടു. ഇതിൽ 18 പേർ കുട്ടികളും മറ്റ് മൂന്ന് പേർ സ്‌കൂൾ ജീവനക്കാരുമാണ്. അമേരിക്കയിലെ ടെക്‌സാസിലുള്ള സ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. അക്രമിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഇയാൾ 18−കാരനായ സാൽവദോർ റാമോസാണെന്ന് തിരിച്ചറിഞ്ഞു. സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷമാണ് അക്രമി സ്‌കൂളിലെത്തി വെടിവെയ്പ്പ് നടത്തിയത്. അക്രമിയുടെ കൈയ്യിൽ ഒരു ഹാൻഡ് ഗണ്ണും റൈഫിളുമുണ്ടായിരുന്നു. 

ഏകദേശം 600−ഓളം കുട്ടികൾ പഠിക്കുന്ന ടെക്‌സാസിലെ റോബ് എലമെന്ററി സ്‌കൂളിലാണ് ആക്രമണമുണ്ടായത്. സ്‌കൂൾ ക്യാമ്പസിൽ ഉച്ചയോടെയെത്തിയ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. അക്രമിയെ കീഴ്‌പ്പെടുത്തുന്നതിനിടയിൽ രണ്ട് പോലീസുകാർക്കും വെടിയേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിലാണ്. കൂടാതെ സ്‌കൂളിലെ നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. 

സംഭവത്തെ തുടർന്ന് അമേരിക്കയിലെ തോക്ക് അനുകൂല ലോബിക്കെതിരേ രൂക്ഷ വിമർശനവുമായി പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്തെത്തി. ദൈവനാമത്തിൽ, എപ്പോഴാണ് നാം തോക്കുലോബിക്കെതിരെ നിലകൊള്ളുക. ഈ രാജ്യത്തെ എല്ലാ രക്ഷിതാക്കൾക്കും വേണ്ടി, ഈ വേദനയെ പ്രവർത്തിയാക്കി മാറ്റാനുള്ള സമയമായിരിക്കുന്നു. ഇത് പ്രവർത്തിക്കാനുള്ള സമയമാണെന്ന് രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരോടും വ്യക്തമാക്കുകയാണെന്നും ബൈഡൻ പറഞ്ഞു. ടെക്സസിലെ ആക്രമണ വാർ‍ത്തകേട്ട് താൻ തളർ‍ന്നുപോയി. നടന്നത് വലിയ കൂട്ടക്കുരുതിയാണ്. ലോകത്ത് ഒരിടത്തുമില്ലാത്ത തരത്തിലാണ് യുഎസിൽ ഇത്തരം ആക്രമണങ്ങൾ‍ നടക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ രാജ്യത്ത് ഉണ്ടായത് 900ഓളം കേസുകളാണെന്നും ഇതിൽ മനം മടുത്തെന്നും ബൈഡൻ പറഞ്ഞു.

ആക്രമണത്തിന് പിന്നാലെ അമേരിക്കയിൽ ദേശീയ പതാക താഴ്‌ത്തിക്കെട്ടി. സൂര്യാസ്തമയം വരെ ദേശീയ പതാക താഴ്‌ത്തിക്കെട്ടണമെന്നും ശനിയാഴ്ച വരെ തുടരണമെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശം. യുഎസ് ഭരണകൂടം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed