സർ‍ക്കാർ‍ അതിജീവിതയ്‌ക്കൊപ്പം തന്നെ; നടിക്ക് നീതി ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ


നടി ആക്രമിക്കപ്പെട്ട കേസിൽ‍ അതിജീവിതയ്‌ക്കൊപ്പം നിൽ‍ക്കാനാണ് സർ‍ക്കാർ‍ ശ്രദ്ധിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‍. ഉത്രയ്ക്കും വിസ്മയയ്ക്കും ജിഷയ്ക്കും ലഭിച്ച നീതി, അതിജീവിതയ്ക്കും ലഭിക്കും. എൽ‍.ഡി.എഫ്. ആയിരുന്നില്ലെങ്കിൽ‍ കുറ്റാരോപിതർ‍ കയ്യുംവീശി നെഞ്ചുംവിരിച്ച് നടന്നുപോകുമായിരുന്നെന്നും മുഖ്യമന്ത്രി തൃക്കാക്കരയിൽ‍ പറഞ്ഞു.

ക്വട്ടേഷൻ കൊടുത്ത കാര്യം, അത് ഇവരുടെ എല്ലാം മൊഴികളിലൂടെ പോലീസിന് ലഭിച്ചു. അങ്ങനെയാണ് ആ കേസിലെ പ്രധാനപ്രതിയും ജയിലിലേക്ക് എത്തുന്നത്. അതിലൊന്നും ഒരു കൈവിറയലും കേരളാ പോലീസിനുണ്ടായില്ല. ശക്തമായ നടപടിയുമായിത്തന്നെ പോലീസ് മുന്നോട്ടുപോയി. കേരളത്തിലെ കേസ് അന്വേഷണങ്ങളുടെ ഒരു പ്രത്യേകത, കേസ് അന്വേഷണത്തിന് എല്ലാ സ്വാതന്ത്ര്യങ്ങളും പോലീസിനുണ്ട് എന്നതാണ്. അവരുടെ കൈയ്ക്ക് തടസ്സമില്ല. ഒരുതരത്തിലുള്ള തടസ്സവും അവർ‍ക്ക് ഉണ്ടാവില്ല, മുഖ്യമന്ത്രി പറഞ്ഞു.

കേസ് അന്വേഷണത്തിന്റെ ഭാഗമായി ഏതെങ്കിലും ഉന്നതനിലേക്ക് എത്തുമ്പോൾ‍, അയ്യോ അങ്ങോട്ട് പോകല്ലേ എന്നു പറയാൻ ഇവിടെ ഒരു സർ‍ക്കാരില്ല. പൊയ്‌ക്കോ ആരുടെ അടുത്തു വേണമെങ്കിലും പൊയ്‌ക്കോ എന്ന നിലപാടാണ് സർ‍ക്കാർ‍ സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായാണ് ആ കേസ് അന്വേഷണം കൃത്യമായി മുന്നോട്ടു പോയത്. കേസ് കൃത്യമായി അതിന്റെ വഴിക്കു പോകണം എന്ന ധാരണയോടെയാണ് അത്.

പണ്ടുകാലത്ത് സർ‍ക്കാരിൽ‍ ഇരുന്നവർ‍ ഇത്തരം കേസുകളിൽ‍ വെള്ളം ചേർ‍ത്ത അനുഭവമുള്ളതുകൊണ്ട് അതു തന്നെയാകും ഇപ്പോഴും നടക്കുക എന്ന ധാരണയോടെ പറഞ്ഞാൽ‍ അത് ഇങ്ങോട്ട് ഏശില്ല. അത് എല്ലാം അവിടെ തന്നെ കിടന്നോളണം എന്നാണ് അവരോടെല്ലാം പറയാനുള്ളത്. എൽ‍.ഡി.എഫ്. സർ‍ക്കാർ‍ അതിജീവിതയ്ക്ക് ഒപ്പമാണെന്നാണ് വ്യക്തമാക്കാനുള്ളത്. ജിഷയ്ക്കും ഉത്രയ്ക്കും വിസ്മയയ്ക്കും ലഭിച്ച നീതി അതിജീവിതയ്ക്കും സർ‍ക്കാർ‍ ഉറപ്പുകൊടുക്കും എന്നാണ് ഈ ഘട്ടത്തിൽ‍ പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

Most Viewed