സുഡാൻ പ്രധാനമന്ത്രി അബ്ദല്ല ഹംദോക്ക് രാജിവച്ചു

ഖാർത്തും
സൈന്യവുമായുള്ള അധികാരം പങ്കിടൽ കരാറിൽ ഒപ്പുവച്ചതിലൂടെ വീണ്ടും അധികാരത്തിലേറിയ സുഡാൻ പ്രധാനമന്ത്രി അബ്ദല്ല ഹംദോക്ക് രാജിവച്ചു. രാഷ്ട്രീയ ഭരണം ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധമുയർത്തുന്ന സാഹചര്യത്തിലാണ് രാജി. സൈന്യം പൂർണമായും പിൻമാറണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം നടന്ന പ്രതിഷേധത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബർ 25നാണ് സൈന്യം സർക്കാരിനെ പിരിച്ചുവിട്ട് അധികാരം പിടിച്ചെടുത്തത്. അന്നു മുതൽ ഹംദോക്ക് വീട്ടുതടങ്കലിലായിരുന്നു. സൈനിക നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.
പിന്നീട് സൈനിക മേധാവി ജനറൽ അബ്ദുൽ ഫത്താഹുമായുള്ള ധാരണയിൽ ഹംദോക്ക് വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുകയായിരുന്നു. രാജ്യം ദുരന്തത്തിലേക്ക് വഴുതിവീഴുന്നതിൽ നിന്ന് തടയാൻ താൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ സമവായശ്രമങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും ഹംദോക്ക് പറഞ്ഞു. അധികാരം പങ്കിടൽ കരാറിനെതിരെ ഇതുവരെ നടന്ന പ്രക്ഷോഭങ്ങളിൽ 40ഓളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.