ക്രിപ്‌റ്റോ തട്ടിപ്പ്: ബഹ്‌റൈനി സ്വദേശിക്ക് അഞ്ച് വർഷം തടവും വൻതുക പിഴയും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ക്രിപ്‌റ്റോ കറൻസി നിക്ഷേപത്തിന്റെ പേരിൽ പ്രവാസികളെയും സ്വദേശികളെയും വഞ്ചിച്ച് ലക്ഷക്കണക്കിന് ദിനാർ തട്ടിയെടുത്ത കേസിൽ ബഹ്‌റൈനി സ്വദേശിക്ക് ഹൈ ക്രിമിനൽ കോടതി കഠിനശിക്ഷ വിധിച്ചു. ഏകദേശം 3,82,000 ബഹ്‌റൈനി ദിനാർ (ഏകദേശം 8.4 കോടി ഇന്ത്യൻ രൂപ) തട്ടിയെടുത്ത നാൽപ്പത്തിരണ്ടുകാരനായ പ്രതിക്ക് അഞ്ച് വർഷം തടവും ഒരു ലക്ഷം ദിനാർ പിഴയുമാണ് കോടതി വിധിച്ചത്. ഇതിന് പുറമെ, നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്ത തുക മുഴുവൻ തിരികെ നൽകാനും അനധികൃതമായി സമ്പാദിച്ച ലാഭം കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ബ്രിട്ടനിൽ വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്തും പ്രമുഖ നിക്ഷേപ പ്ലാറ്റ്‌ഫോമുകളുടെ പേര് ദുരുപയോഗം ചെയ്തുമാണ് പ്രതി വിശ്വാസ്യത നേടിയെടുത്തത്. പ്രതിമാസം പത്ത് ശതമാനം ലാഭം വാഗ്ദാനം ചെയ്ത് മലയാളികൾ ഉൾപ്പെടെ 19-ഓളം പേരെയാണ് ഇയാൾ 'പോൻസി സ്കീം' വഴി ചതിയിൽപ്പെടുത്തിയത്. നിക്ഷേപം വളരുന്നത് കാണിക്കാൻ വ്യാജ ആപ്പുകളും വാലറ്റുകളും നിർമ്മിച്ച ഇയാൾ, നിക്ഷേപം സുരക്ഷിതമാണെന്ന് ഉറപ്പുനൽകാൻ വ്യാജ ഇൻഷുറൻസ് കരാറുകളും ഒപ്പിട്ടു നൽകിയിരുന്നു. തുടക്കത്തിൽ ലാഭവിഹിതം കൃത്യമായി നൽകി നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കുകയും അതുവഴി കൂടുതൽ പണം നിക്ഷേപിപ്പിക്കുകയുമായിരുന്നു ഇയാളുടെ രീതി.
മുൻപും സമാനമായ തട്ടിപ്പുകൾ നടത്തിയതിനാൽ പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. ഇത് മറികടക്കാൻ വർഷങ്ങളായി അകന്നു കഴിഞ്ഞിരുന്ന സ്വന്തം സഹോദരിമാരുമായി അനുരഞ്ജനത്തിലാവുകയും അവരുടെ ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പിനായി ഉപയോഗിക്കുകയും ചെയ്തു. സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈനിന്റെ (CBB) യാതൊരുവിധ അനുമതിയുമില്ലാതെയാണ് ഇയാൾ ഇടപാടുകൾ നടത്തിയിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വഞ്ചിതരായ 12 പേർ കോടതിയിൽ പ്രതിക്കെതിരെ നേരിട്ട് സാക്ഷി പറഞ്ഞു. ക്രിമിനൽ കേസിന് പുറമെ, നഷ്ടപരിഹാരത്തിനായി സിവിൽ കോടതിയെ സമീപിക്കാനും ഇരകൾക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്.
aa


