ദേശീയ കർമ്മരേഖയുടെ രജതജൂബിലി ആഘോഷം : ബഹ്‌റൈനിൽ വിപുലമായ ആഘോഷങ്ങൾ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ ദേശീയ കർമ്മരേഖയുടെ (നാഷണൽ ആക്ഷൻ ചാർട്ടർ) ഇരുപത്തിയഞ്ചാം വാർഷികം രാജ്യമെങ്ങും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സാഖിറിലെ നാഷണൽ ആക്ഷൻ ചാർട്ടർ മോണമെന്റിൽ നടന്ന പ്രധാന ചടങ്ങിൽ ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ മുഖ്യാതിഥിയായി പങ്കെടുത്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, രാജകുടുംബാംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വിദ്യാഭ്യാസ മന്ത്രാലയം 'ഈസ അൽ കബീർ' എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ആഘോഷങ്ങൾ ഒരുക്കിയത്. ചടങ്ങിനെത്തിയ രാജാവിനെ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമയും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ദേശീയ ഗാനാലാപനത്തോടെയും ഖുർആൻ പാരായണത്തോടെയുമാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് ശൈഖ് അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ ഖലീഫ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാ-സംഗീത പരിപാടികൾ അരങ്ങേറി.
രാജ്യത്തെ വിവിധ സ്കൂളുകളിൽ നിന്നായി മൂവായിരത്തിലധികം വിദ്യാർത്ഥികൾ ഈ വമ്പിച്ച ആഘോഷത്തിന്റെ ഭാഗമായി. പതിനായിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഓൺലൈൻ വഴി പരിപാടികൾ വീക്ഷിച്ചു. വിദ്യാർത്ഥികളിൽ ദേശീയബോധവും പൗരത്വ മൂല്യങ്ങളും വളർത്തുന്നതിൽ വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന പരിശ്രമങ്ങളെ രാജാവ് പ്രത്യേകം പ്രശംസിച്ചു. ചടങ്ങിൽ കുട്ടികളുമായി സംവദിച്ച അദ്ദേഹം, അവരുടെ കലാപ്രകടനങ്ങളിലെ മികവിനെ അഭിനന്ദിക്കുകയും ചെയ്തു.
'ഈസ അൽ കബീർ വർഷം' ആയി പ്രഖ്യാപിച്ച രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, മുൻ ഭരണാധികാരിയായിരുന്ന ഹിസ് ഹൈനസ് ഈസ ബിൻ അലി അൽ ഖലീഫയുടെ ജീവിതവും നേട്ടങ്ങളും ഉൾപ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ചടങ്ങിൽ അറിയിച്ചു. 1783-ൽ ശൈഖ് അഹമ്മദ് അൽ ഫത്തേഹ് ആധുനിക ബഹ്‌റൈൻ സ്ഥാപിച്ചത് മുതലുള്ള ചരിത്രം വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനുള്ള വിപുലമായ പദ്ധതികൾ മന്ത്രാലയം ആവിഷ്കരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള അറിവ് പുതുതലമുറയ്ക്ക് പകർന്നുനൽകുന്നതിനൊപ്പം വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം ഉയർത്തുന്നതിനും സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
aa




