ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റ് റമദാനിലും തുടരും; സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബുധയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ ജനപ്രീതിയാർജ്ജിച്ച ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റ് വിശുദ്ധ റമദാൻ മാസത്തിലും തുടരാൻ തീരുമാനിച്ചതായി മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രി വേൽ അൽ മുബാറക് അറിയിച്ചു. കർഷകരുടെ പ്രത്യേക അഭ്യർത്ഥന കണക്കിലെടുത്താണ് മാർച്ച് 14 വരെ മാർക്കറ്റ് നീട്ടാൻ അധികൃതർ തീരുമാനിച്ചത്. എല്ലാ ശനിയാഴ്ചകളിലും രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാകും മാർക്കറ്റ് പ്രവർത്തിക്കുക. എന്നാൽ റമദാൻ പ്രമാണിച്ച് പ്രവർത്തനങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ കാലയളവിൽ മാർക്കറ്റിനുള്ളിലെ ഭക്ഷണശാലകളും റെസ്റ്റോറന്റുകളും പ്രവർത്തിക്കില്ലെന്നും കലാ-സാംസ്‌കാരിക പരിപാടികൾ ഉണ്ടായിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഈ സീസണിൽ ഇതുവരെ രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിലധികം സന്ദർശകർ മാർക്കറ്റിലെത്തിയതായും ഇരുനൂറ്റി അൻപത് ടണ്ണിലധികം പ്രാദേശിക ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതായും മന്ത്രി വെളിപ്പെടുത്തി. ഇത് രാജ്യത്തെ കാർഷിക മേഖലയുടെ വൻ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്. ഹമദ് രാജാവിന്റെ വികസന കാഴ്ചപ്പാടുകളുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശങ്ങളുടെയും ഫലമാണ് ഈ മുന്നേറ്റമെന്ന് അദ്ദേഹം പറഞ്ഞു. നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് (NIAD) പ്രസിഡന്റ് കൂടിയായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ നൽകുന്ന പിന്തുണയെയും മന്ത്രി പ്രത്യേകം പ്രശംസിച്ചു.

നൂറിലധികം വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുമായി മുപ്പതിലധികം പ്രാദേശിക കർഷകരുടെ സ്റ്റാളുകളാണ് ഇത്തവണ മാർക്കറ്റിലുള്ളത്. കർഷകർക്ക് പുറമെ ഉൽപ്പാദന കുടുംബങ്ങൾ, ഈന്തപ്പഴം വിൽപ്പനക്കാർ, തേനീച്ച കർഷകർ, നഴ്സറികൾ എന്നിവരുടെ സജീവ പങ്കാളിത്തം മാർക്കറ്റിന് വലിയ സ്വീകാര്യത നൽകുന്നു. മന്ത്രിയോടൊപ്പം എൻ.ഐ.എ.ഡി സെക്രട്ടറി ജനറൽ ശൈഖ മരം ബിൻത് ഈസ അൽ ഖലീഫ, അഗ്രികൾച്ചർ അണ്ടർ സെക്രട്ടറി ആസിം അബ്ദുൾ ലത്തീഫ് അബ്ദുള്ള തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും മാർക്കറ്റ് സന്ദർശിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed