ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ അധികാരത്തിലേക്ക്; ബിഎൻപിക്ക് വൻ വിജയം
ശാരിക l വിദേശകാര്യം
ധാക്ക: ബംഗ്ലാദേശിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക്. മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനായ 60-കാരനായ താരിഖ് റഹ്മാൻ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകും. മത്സരിച്ച ധാക്ക-17, ബോഗുറ-6 എന്നീ രണ്ട് മണ്ഡലങ്ങളിലും അദ്ദേഹം മികച്ച വിജയം കൈവരിച്ചു. ആകെ 300 സീറ്റുകളിൽ 292 ഇടത്ത് മത്സരിച്ച ബിഎൻപി സഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് അധികാരം ഉറപ്പിച്ചത്.
2024 ഓഗസ്റ്റിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന പുറത്തായതോടെയാണ് 17 വർഷത്തെ യുകെ പ്രവാസ ജീവിതം അവസാനിപ്പിച്ച് താരിഖ് രാഷ്ട്രീയത്തിൽ സജീവമായത്. 2025 ഡിസംബറിൽ മാതാവ് ഖാലിദ സിയ അന്തരിച്ചതിന് പിന്നാലെയാണ് അദ്ദേഹം പാർട്ടി നേതൃത്വം ഏറ്റെടുത്തത്. ബിഎൻപിയുടെ ചരിത്ര വിജയത്തിൽ അമേരിക്കൻ സ്ഥാനപതി ബ്രെന്റ് ടി. ക്രിസ്റ്റൻസൺ പാർട്ടിയെയും താരിഖ് റഹ്മാനെയും അഭിനന്ദിച്ചു.
ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുക എന്നതാകും പുതിയ സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും സൗഹൃദം വരും ദിവസങ്ങളിലെ നിലപാടുകളെ ആശ്രയിച്ചിരിക്കുമെന്നും താരിഖ് പ്രതികരിച്ചു.
്ിുിു


