പാർലമെന്റ് അംഗങ്ങൾ സഭയിൽ കുഞ്ഞുങ്ങളെ കൊണ്ട് വരരുതെന്ന നിയമത്തിനെതിരെ യു.കെയിൽ പ്രതിഷേധം ശക്തം


ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾ സഭയിൽ കുഞ്ഞുങ്ങളെ കൊണ്ട് വരരുതെന്ന നിയമത്തിനെതിരെ യു.കെയിൽ പ്രതിഷേധം ശക്തം. കൈക്കുഞ്ഞുമായി സഭയിലെത്തിയ െസ്റ്റല്ല ക്രീസിയെ ശാസിച്ചത് വിവാദമായതിന് പിന്നാലെയാണ് നിയമത്തിനെതിരെ കടുത്ത വിമർശനമുയരുന്നത്. സെപ്റ്റംബറിൽ പ്രാബല്യത്തിൽ വന്ന നിയമം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട്, ശാസന നേരിട്ട ലേബർ പാർട്ടി എംപി െസ്റ്റല്ല തന്നെ രംഗത്തെത്തിയിട്ടുണ്ട്. മൂന്നു മാസം പ്രായമുള്ള കുഞ്ഞുമായി െസ്റ്റല്ല ചൊവ്വാഴ്ച പാർലമെന്റിൽ സംവാദത്തിൽ പങ്കെടുക്കാനെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വനിത എം.പി കുഞ്ഞുമായി പാർലമെന്റിൽ വന്നത് ചട്ട വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അറിയിപ്പ് ലഭിച്ചതിന് പിന്നാലെ െസ്റ്റല്ല ഇത് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടാക്കാത്ത എന്റെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ ചേംബറിൽ കൊണ്ടു വരാൻ പാടില്ലെന്ന് പാർലമെന്റ് നിയമത്തിൽ പറയുന്നു. എല്ലാ പാർലമെന്റുകളുടെയും മാതാവെന്നറിയപ്പെടുന്ന ഈ പാർലമെന്റിലെ അമ്മമാരാരും ഈ വിഷയം കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെന്ന് തോന്നുന്നുവെന്നാണ് കത്ത് പങ്കുവെച്ച് െസ്റ്റല്ല ട്വിറ്ററിൽ കുറിച്ചത്. 

കുഞ്ഞിന്റെ കാര്യം വലിയ വിഷയമാക്കിയ പാർലമെന്റ് അധികൃതർ കൊവിഡ് കാലത്ത് സഭയ്ക്കുള്ളിൽ മാസ്‌ക് ധരിക്കുന്നതു സംബന്ധിച്ച് പാർലമെന്റിൽ നിയമമൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു. മുലയൂട്ടുന്നതിനാണ് തന്റെ ചെറിയ കുഞ്ഞിനെ സഭയിൽ കൊണ്ടു വന്നതെന്നും മുൻപും തന്റെ മറ്റു രണ്ടു മക്കളെ ഇങ്ങനെ കൊണ്ടു വന്നിട്ടുണ്ടെന്നും െസ്റ്റല്ല ചൂണ്ടിക്കാട്ടി. അന്നൊന്നും ഇല്ലാത്ത പ്രശ്നമാണ് ഇന്നെന്നും അവർ പറഞ്ഞു. സംഭവം വിവാദമായതോടെ വിഷയം പരിശോധിച്ച് വേണ്ട നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ ലിൻഡ്‌സേ ഹോയ്ലി കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.

അതേ സമയം വിഷയത്തിൽ കൺസർവേറ്റീവ് പാർട്ടി മെന്പറും ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററുമായി ഡൊമിനിക് റാബും ഗ്രീൻ പാർട്ടി അംഗം കാരലിൻ ലൂക്കാസും വിഷയത്തിൽ െസ്റ്റല്ലയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളുടേയും അമ്മമാരുടേയും അവകാശങ്ങൾക്കായി നിലകൊള്ളുന്ന െസ്റ്റല്ല ക്രീസി കൂടുതൽ സ്ത്രീകൾ രാഷ്ട്രീയത്തിലേക്ക് കടന്നു വരണമെന്നും മാതൃത്വവും പ്രൊഫഷനും ഒരുപോലെ കൊണ്ടുപോകാൻ ഇവർക്ക് സമൂഹം പിന്തുണ നൽകണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed