അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു; ട്രംപ് സർക്കാരിന് രാഷ്ട്രീയ വെല്ലുവിളി
ശാരിക I അന്താരാഷ്ട്രം
വാഷിംഗ്ടൺ: ഇറാൻ-ഇസ്രായേൽ യുദ്ധം എണ്ണ കയറ്റുമതിയെ ബാധിച്ചതോടെ അമേരിക്കയിൽ പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നു. ഈ ആഴ്ച മാത്രം ഇന്ധനവിലയിൽ 10 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളർ കടന്നത് ഉപഭോക്താക്കളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല കോൺഗ്രസ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വിലക്കയറ്റം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും വലിയ രാഷ്ട്രീയ പരീക്ഷണമായി മാറും. എന്നാൽ, "വില കൂടുന്നുണ്ടെങ്കിൽ കൂടട്ടെ" എന്നായിരുന്നു റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ ട്രംപിന്റെ പ്രതികരണം. ഊർജ്ജ വില കുറയ്ക്കുമെന്ന വാഗ്ദാനത്തോടെ അധികാരമേറ്റ ട്രംപിന് നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ തിരിച്ചടിയാവുകയാണ്.
അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷന്റെ കണക്കനുസരിച്ച്, പെട്രോൾ വില ഗാലണിന് 3.32 ഡോളറായും ഡീസൽ വില 4.33 ഡോളറായും ഉയർന്നു. 2024 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ജോർജിയ, ഇൻഡ്യാന, വെസ്റ്റ് വെർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വിലക്കയറ്റം സാധാരണക്കാരെ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ പെട്രോൾ വില ഗാലണിന് 3.70 ഡോളർ വരെ ഉയർന്നേക്കാമെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
dfsfs


