ആഗോള വ്യോമ ചരക്കുനീക്കം പ്രതിസന്ധിയിൽ; പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ചരക്കുകൂലി വർധിക്കുന്നു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ദുബായ്: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സൈനിക നീക്കങ്ങൾ ആഗോള വിമാന ചരക്കുനീക്കത്തെ പ്രതിസന്ധിയിലാക്കുന്നു. ഇറാനുനേരെയുള്ള അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണങ്ങളെത്തുടർന്ന് ദുബായ്, ദോഹ തുടങ്ങിയ പ്രധാന ആഗോള എയർ കാർഗോ ഹബ്ബുകൾ വഴിയുള്ള സർവീസുകൾ തടസ്സപ്പെട്ടതോടെ ചരക്കുനീക്ക ശേഷിയിൽ 22 ശതമാനത്തിന്റെ കുറവുണ്ടായതായി ഏവിയേഷൻ കൺസൾട്ടൻസിയായ 'എവിയൻ' വെളിപ്പെടുത്തി.

പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ പെട്ടെന്ന് കേടാകുന്ന സാധനങ്ങളുടെയും വിമാനങ്ങൾക്കും കാറുകൾക്കും ആവശ്യമായ സ്പെയർ പാർട്സുകളുടെയും നീക്കം നിലവിൽ സ്തംഭനാവസ്ഥയിലാണ്. പശ്ചിമേഷ്യയിലേക്കുള്ള വിതരണ ശൃംഖല പൂർണ്ണമായും നിലച്ച മട്ടാണെന്ന് ഫ്ലോറിഡ ആസ്ഥാനമായുള്ള ജി.എ ടെലിസിസ് സി.ഇ.ഒ അബ്ദുൾ മവാബിരി പറഞ്ഞു. മരുന്നുകൾ, ആപ്പിൾ ഉൽപ്പന്നങ്ങൾ തുടങ്ങി വിപണി മൂല്യമുള്ള ചരക്കുകളെല്ലാം വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഏഷ്യക്കും യൂറോപ്പിനുമിടയിലുള്ള പ്രധാന യാത്രാമധ്യേയുള്ള താവളങ്ങൾ അടച്ചുപൂട്ടിയത് ആഗോള വ്യാപാരത്തെ നേരിട്ട് ബാധിച്ചിട്ടുണ്ട്.

വിമാനങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ചരക്കുകൂലിയിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള ചരക്കുകൂലി ആറ് ശതമാനത്തിലധികം വർധിച്ച് കിലോഗ്രാമിന് 3.82 ഡോളറിലെത്തി. അമേരിക്കയിലേക്കുള്ള നിരക്കിലും അഞ്ച് ശതമാനത്തോളം വർധനവുണ്ടായിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ചൈനയിൽ നിന്നും ഏഷ്യൻ രാജ്യങ്ങളിൽ നിന്നും യൂറോപ്പിലേക്കും യുഎസിലേക്കും എത്തുന്ന ഉൽപ്പന്നങ്ങൾക്ക് കടുത്ത ക്ഷാമം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് സ്വിസ് ലോജിസ്റ്റിക് ഗ്രൂപ്പായ കുഹൻ+നാഗൽ മുന്നറിയിപ്പ് നൽകി.
പല രാജ്യങ്ങൾക്കും റഷ്യൻ വ്യോമപാത ഉപയോഗിക്കുന്നതിന് വിലക്കുള്ളപ്പോൾ, ചൈനീസ് വിമാനക്കമ്പനികൾക്ക് ഇത് ഉപയോഗിക്കാൻ കഴിയുന്നത് അവർക്ക് മത്സരവിപണിയിൽ നേട്ടമാകുന്നുണ്ട്. ഇത് കുറഞ്ഞ സമയത്തിനുള്ളിൽ ചരക്കുകൾ എത്തിക്കാൻ അവരെ സഹായിക്കുന്നു. എന്നാൽ പശ്ചിമേഷ്യൻ വിമാനക്കമ്പനികൾ ആഗോള ചരക്കുനീക്കത്തിന്റെ 13 ശതമാനം കൈകാര്യം ചെയ്യുന്നതിനാൽ, മേഖലയിലെ പ്രതിസന്ധി പരിഹരിക്കപ്പെടുന്നത് വരെ ആഗോള വിപണിയിലെ അനിശ്ചിതത്വം തുടരാനാണ് സാധ്യത.

ശ്രോതസ് - റോയിട്ടേർസ് വാർത്ത ഏജൻസി

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed