ഹോളിവുഡ് താരം റോബ് റെയ്‌നറിൻ്റെയും ഭാര്യയുടെയും കൊലപാതകത്തിൽ മകൻ അറസ്റ്റിൽ
ഷീബ വിജയ൯
പ്രശസ്ത ഹോളിവുഡ് സംവിധായകനും നടനുമായ റോബ് റെയ്‌നറിനെയും ഭാര്യ മിഷേലിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ നിക് റെയ്‌നറിനെ ലോസ് ഏഞ്ചലസ് കൗണ്ടി ഷെരീഫ് വകുപ്പ് അറസ്റ്റ് ചെയ്തു. നിലവിൽ നിക് കസ്റ്റഡിയിലാണ്. ബെയ്ൽ തുക നാല് ദശലക്ഷം യു.എസ്. ഡോളറായി നിശ്ചയിച്ചിട്ടുണ്ട്.
ബലപ്രയോഗത്തിലൂടെ വീടിനുള്ളിൽ പ്രവേശിച്ചതിൻ്റെ ലക്ഷണങ്ങളില്ലെന്നും, ഇരകൾക്ക് ഇരുവരും കുത്തേറ്റതിൻ്റെ മുറിവുകളുണ്ടെന്നും നിയമ നിർവ്വഹണ വൃത്തങ്ങൾ പറഞ്ഞു. ഇരുവരുടെയും കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച രാത്രി നടന്ന ഒരു പാർട്ടിയിൽ റോബ് റെയ്‌നറും നിക്ക് റെയ്‌നറും തമ്മിൽ തർക്കമുണ്ടായതായി കുടുംബ സുഹൃത്തുക്കൾ ലോസ് ഏഞ്ചലസ് ടൈംസിനോട് പറഞ്ഞു. ഈ ഒത്തുചേരലിൽ പങ്കെടുത്ത നിരവധി പേർ നിക്കിൻ്റെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധിച്ചതായും റിപ്പോർട്ടുണ്ട്. മയക്കുമരുന്നിന് അടിമയായതിനെക്കുറിച്ചുള്ള തൻ്റെ ദീർഘകാല പോരാട്ടം നിക് റെയ്‌നർ മുമ്പ് പരസ്യമായി സംസാരിച്ചിട്ടുണ്ട്.
ലോസ് ആഞ്ചലിലെ ബ്രെൻ്റ്‌വുഡിലുള്ള വസതിയിലാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 78 വയസ്സുള്ള പുരുഷനും 68 വയസ്സുള്ള സ്ത്രീയും വീടിനകത്ത് മരിച്ച് കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മരണപ്പെട്ടവർ സംവിധായകൻ റെയ്‌നറും ഭാര്യയുമാണെന്ന് തിരിച്ചറിഞ്ഞത്. ഇരുവരുടെയും മൃതദേഹത്തിൽ കത്തികൊണ്ടുണ്ടായ മുറിവുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.
കോമഡി ഇതിഹാസം കാൾ റെയ്‌നറുടെ മകനാണ് റോബ് റെയ്‌നർ. ഹോളിവുഡിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. 'ദിസ് ഈസ് സ്‌പൈനൽ ടാപ്പ്', 'എ ഫ്യൂ ഗുഡ് മെൻ', 'വെൻ ഹാരി മെറ്റ് സാലി', 'ദി പ്രിൻസസ് ബ്രൈഡ്' തുടങ്ങിയ പ്രശസ്ത സിനിമകൾ റെയ്‌നർ സംവിധാനം ചെയ്തതാണ്. ഭാര്യ മിഷേൽ സിംഗർ റെയ്‌നർ ഫോട്ടോഗ്രാഫറാണ്.
ergredfrereer
