ഗസ്സയ്ക്ക് ഐക്യദാർഢ്യവുമായി യൂറോപ്പിൽ പതിനായിരങ്ങളുടെ കൂറ്റൻ റാലികൾ

ശാരിക
ലണ്ടൻ l ഇസ്രായേൽ നരഹത്യ തുടരുന്നതിനിടെ ഗസ്സയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂറോപ്പിൽ പതിനായിരങ്ങളുടെ കൂറ്റൻ റാലികൾ. യുകെ, ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലാണ് പ്രതിഷേധക്കാർ റാലി സംഘടിപ്പിച്ചത്. സ്പെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ബാഴ്സലോണയിലും മാഡ്രിഡിലുമാണ് പ്രതിഷേധ റാലികൾ അരങ്ങേറിയത്. കഴിഞ്ഞ ദിവസം നടന്ന പ്രകടനത്തിൽ 70,000ലേറെ പേർ പങ്കെടുത്തതെന്നാണ് റിപ്പോർട്ടുകൾ.
ഗസ്സയ്ക്കെതിരായ ഇസ്രായേൽ ഉപരോധത്തിനിടെ ഗസ്സയിലേക്ക് ബോട്ടുകളിൽ സഹായവുമായി പോയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയുടെ ബോട്ടുകൾ തടഞ്ഞ് ഇസ്രായേൽ കസ്റ്റഡിയിലെടുത്ത 450ലേറെ ആക്ടിവിസ്റ്റുകളിൽ മുൻ ബാഴ്‌സലോണ മേയർ ഉൾപ്പെടെ 40ലധികം സ്പെയിൻകാരും ഉൾപ്പെടുന്നു. ബാഴ്‌സലോണയിലെ വിശാലമായ പാസെയ്ഗ് ഡി ഗ്രാസിയയിൽ ആളുകൾ തിങ്ങിനിറഞ്ഞു. പ്രതിഷേധക്കാർ ഫലസ്തീൻ പതാകകളേന്തിയും ഫലസ്തീനിനെ പിന്തുണയ്ക്കുന്ന ടീ-ഷർട്ടുകൾ ധരിച്ചുമാണെത്തിയത്. ഗസ്സ എന്നെ വേദനിപ്പിക്കുന്നു, വംശഹത്യ അവസാനിപ്പിക്കൂ, ഫ്ലോട്ടിലയെ മോചിപ്പിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിയായിരുന്നു റാലി.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സർക്കാരിനെതിരെ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കുന്നതിനിടെ, സ്‌പെയിനിൽ സമീപ ആഴ്ചകളിൽ ഫലസ്തീനികൾക്കുള്ള പിന്തുണയിൽ വൻ വർധനവാണ് ഉണ്ടായത്. ഇസ്രായേലിന്റെ ഉടമസ്ഥതയിലുള്ള സൈക്ലിങ് ടീമിന്റെ പ്രാതിനിധ്യത്തിനെതിരെ കഴിഞ്ഞ മാസം സ്പാനിഷ് വൂൾട്ട സൈക്ലിങ് പരിപാടിക്കെതിരെയും പ്രതിഷേധം നടന്നിരുന്നു.
ഗസ്സയ്ക്കെതിരായ ആക്രമണത്തെ വംശഹത്യ എന്ന് വിശേഷിപ്പിച്ച സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, എല്ലാ ഇസ്രായേലി ടീമുകളെയും അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ നിന്ന് നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 20 ലക്ഷം പേർ അണിനിരന്ന റാലിക്കാണ് വെള്ളിയാഴ്ച ഇറ്റലി സാക്ഷിയായത്. ഫ്ലോട്ടിലയെ ഇസ്രായേൽ സൈന്യം തടഞ്ഞതിനു പിന്നാലെയാണ് ഇറ്റലി തലസ്ഥാനമായ റോമിലും പോർച്ചുഗലിലെ ലിസ്ബണിലും പ്രകടനങ്ങൾക്കുള്ള ആഹ്വാനങ്ങൾ ഉയർന്നത്. കൂടാതെ ഗസ്സയ്ക്കും ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയ്ക്കും ഐക്യദാർഢ്യമർപ്പിച്ച് ഇറ്റലിയിൽ ഒരു ദിവസം പണിമുടക്കും നടന്നു.
പണിമുടക്കിൽ ഇറ്റലിയിലെ റെയിൽ, റോഡ് ഗതാഗതം സ്തംഭിച്ചു. മിലാനിൽ നടന്ന പ്രതിഷേധത്തിൽ ലക്ഷം ആളുകൾ പങ്കെടുത്തെന്ന് സിജിഐഎൽ (ഇറ്റാലിയൻ ജനറൽ കോൺഫെഡറേഷൻ ഓഫ് ലേബർ) വ്യക്തമാക്കി. ലിയനാർഡോ ഡാവിഞ്ചി സ്മാരക സ്‌ക്വയറിൽ ഫലസ്തീൻ പതാകയും 'ഫ്രീ ഫലസ്തീൻ' മുദ്രാവാക്യവുമായി പ്രതിഷേധക്കാർ നിറഞ്ഞു. ഗിനോവയിൽ 40,000 ആളുകളും ബ്രെസ്ചയിൽ 10,000 പേരും പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു. വെനീസിലെ എ4 ടോൾ പ്ലാസ ആയിരക്കണക്കിനാളുകൾ ഉപരോധിച്ചു. 'വംശഹത്യ അവസാനിപ്പിക്കുക, ഞങ്ങൾ എല്ലാം സുമൂദ് ഫ്ലോട്ടില' എന്നെഴുതിയ ബാനറുമായി റോമിൽ ആയിരങ്ങൾ മാർച്ച് നടത്തി.
റോമിലെ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാർ നിറഞ്ഞതോടെ ട്രെയിനുകൾ റദ്ദാക്കുകയും നിരവധി ട്രെയിനുകൾ വൈകുകയും ചെയ്തു. നേപ്പിൾസ്, ലിവോർണോ, സലേർണോ തുറമുഖങ്ങളും പ്രതിഷേധക്കാർ ഉപരോധിച്ചു. സെൻട്രൽ ലണ്ടനിൽ ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ 442 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റോമിലും പ്രതിഷേധം നടക്കാനിരിക്കുകയാണ്. മൂന്ന് ഫലസ്തീൻ അനുകൂല സംഘടനകളും പ്രാദേശിക യൂണിയനുകളും വിദ്യാർഥികളും ചേർന്നാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാനൊരുങ്ങുന്നത്.
പോർട്ട സാൻ പൗലോയിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് സാൻ ജിയോവാനിയിൽ സമാപിക്കും. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ റായ് റിപ്പോർട്ട് ചെയ്തു. ഗസ്സ വംശഹത്യ രണ്ട് വർഷം തികയുന്ന സാഹചര്യത്തിൽ ഇസ്രായേലിനെതിരെ ഉപരോധം ഏർപ്പെടുത്താൻ ഐറിഷ് സർക്കാരിനോട് ആവശ്യപ്പെടാൻ അയർലൻഡിലെ ഡബ്ലിനിലും ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. ഇസ്രായേൽ സേന പിടികൂടിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിലെ ആക്ടിവിസ്റ്റുകളിൽ 16 ഐറിഷ് പൗരന്മാരും ഉൾപ്പെടുന്നു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ഏഥൻസിലും പ്രതിഷേധം നടന്നു.
ഇസ്രായേലിനെതിരെ ലോകമെമ്പാടും പ്രതിഷേധം വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് ട്രംപ് 20 ഇന പദ്ധതിയുമായി രംഗത്തെത്തിയത്. ഇത് ഭാഗികമായി അംഗീകരിച്ചെങ്കിലും ബന്ദി മോചനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഹമാസിന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. സമാധാന ശ്രമങ്ങൾ ഒരുവശത്ത് പുരോഗമിക്കുമ്പോൾ ഗസ്സയിൽ ആക്രമണവും കൂട്ടക്കൊലയും തുടരുകയാണ് ഇസ്രായേൽ. ആക്രമണം താത്കാലികമായി അവസാനിപ്പിക്കണമെന്ന് ട്രംപ് നിർദേശിച്ച ശേഷവും 24 മണിക്കൂറിനിടെ 70ലേറെ പേരെയാണ് ഇസ്രായേൽ കൊന്നൊടുക്കിയത്.
്ിുി