നിർണായക കോൺക്ലേവിന് ഇന്നു തുടക്കം; ആദ്യ വോട്ടെടുപ്പ് വൈകുന്നേരം 5.30ന്


267-ാമത് മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള നിർണായക കോൺക്ലേവിന് ഇന്നു ആരംഭം. പ്രാദേശികസമയം രാവിലെ പത്തിന്(ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ കർദിനാൾ തിരുസംഘത്തിന്‍റെ തലവൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റേയുടെ മുഖ്യകാർമികത്വത്തിൽ എല്ലാ കർദിനാൾമാരും പങ്കെടുക്കുന്ന വിശുദ്ധ കുർബാന നടക്കും. "പ്രോ എലിജെൻദോ റൊമാനോ പൊന്തിഫീച്ചെ’ എന്ന പേരിലാണ് കോൺക്ലേവിനു മുന്നോടിയായുള്ള ഈ വിശുദ്ധ കുർബാന അർപ്പണം അറിയപ്പെടുന്നത്. പ്രാദേശികസമയം വൈകുന്നേരം 4.30ന് (ഇന്ത്യൻ സമയം രാത്രി എട്ട്) സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രാർഥനയോടെ കോൺക്ലേവ് ഔദ്യോഗികമായി തുടങ്ങും. തുടർന്ന് പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമേ എന്നർഥമുള്ള " വിയെനി ക്രേയാതൊർ ’ എന്ന പരമ്പരാഗത പ്രാർഥനാഗീതം ആലപിച്ചുകൊണ്ട് 71 രാജ്യങ്ങളിൽനിന്നുള്ള 133 കർദിനാൾ ഇലക്‌ടർമാർ പ്രദക്ഷിണമായി സിസ്റ്റൈൻ ചാപ്പലിലേക്ക് പ്രവേശിക്കും. തുടർന്ന് ആദ്യ വോട്ടെടുപ്പ് വൈകുന്നേരം 5.30ന് (ഇന്ത്യൻ സമയം രാത്രി 9ന്) നടക്കും. പത്തരയോടെ ഫലം അറിയാനാകും. ഫോണുൾപ്പെടെ എല്ലാവിധ ഇലക്‌ട്രോണിക് ഉപകരണങ്ങളും സ്വിസ് ഗാർഡുകളുടെ നിയന്ത്രണത്തിൽ ഏൽപ്പിച്ചതിനുശേഷം ദേഹപരിശോധനയ്ക്കു ശേഷമാണ് അവർ കോൺക്ലേവിനായി ചാപ്പലിൽ പ്രവേശിക്കുക. ഇതോടെ ഡീൻ ചാപ്പലിന്‍റെ വാതിൽ അടയ്ക്കും. സിസ്റ്റൈൻ ചാപ്പലിൽ പ്രവേശിക്കുന്ന കർദിനാൾമാർ അവിടെയുള്ള അൾത്താരയുടെ മുന്നിൽ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ രഹസ്യസ്വഭാവം കർശനമായി കാത്തുസൂക്ഷിക്കുമെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുകയും ധ്യാനത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. ഫ്രാൻസിസ് മാർപാപ്പയുടെ ധ്യാനഗുരുവായിരുന്ന കർദിനാൾ കാന്താലമെസേയാണ് കർദിനാൾസംഘത്തിനുള്ള ധ്യാനം നയിക്കുക. തങ്ങൾക്കു ലഭ്യമാകുന്ന ബാലറ്റിൽ കർദിനാൾമാർ, തെരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ പേരെഴുതിയശേഷം "മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടണമെന്ന് എന്‍റെ മനഃസാക്ഷിയിൽ ദൈവം പ്രചോദിപ്പിക്കുന്നയാളെ ദൈവനാമത്തിൽ ഞാൻ തെരഞ്ഞെടുക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് വോട്ട് നിക്ഷേപിക്കും. ആർക്കെങ്കിലും ഒരാൾക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നതുവരെ തെരെഞ്ഞെടുപ്പ് തുടരും. ആദ്യദിവസമായ ഇന്നു വൈകുന്നേരം ഒരു റൗണ്ട് മാത്രമേ വോട്ടെടുപ്പ് ഉണ്ടാകുകയുള്ളൂ.

നാളെ രാവിലെ ഒന്പതിന് വോട്ടിംഗ് പുനരാരംഭിക്കും. മാർപാപ്പയുടെ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ കർദിനാൾമാർക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല.

article-image

aswsaasdas

You might also like

Most Viewed