ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലേക്ക്! സുനിത വില്യംസും സംഘവും തിരിച്ചെത്തി

ഫ്ളോറിഡ: 286 ദിവസത്തെ ബഹിരാകാശ ജീവിതത്തിനു വിരാമമിട്ടാണ് ഇന്ത്യൻ വംശജയായ സുനിത വില്യംസും സഹയാത്രികനായ ബുച്ച് വിൽമോറും ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ ഭൂമിയിൽ തിരിച്ചെത്തിയത്. ഫ്ളോറിഡ തീരത്തിനു സമീപം മെക്സിക്കൻ ഉൾക്കടലിലാണ് ബഹിരാകാശ യാത്രികരെ വഹിച്ചുള്ള ഡ്രാഗൺ ക്രൂ പേടകം സ്പ്ലാഷ് ഡൗൺ ചെയ്തത്. ഇതിന്‍റെ ദൃശ്യങ്ങൾ നാസ പങ്കുവെച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങൾ ഇതിനകം വൈറലായിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെയാണ് ബഹിരാകാശ യാത്രികരെയും വഹിച്ച് ഡ്രാഗൺ ക്രൂ-9 ബഹിരാകാശ നിലയത്തിൽനിന്ന് വേർപെട്ട് ഭൂമിയിലേക്ക് തിരിച്ചത്. ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് 15,000 കിലോമീറ്റർ ഉയരത്തിൽവെച്ച് പേടകത്തിൽനിന്ന് ട്രങ്ക് ഭാഗം വിട്ടുമാറി. ട്രങ്ക് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച് കത്തിയമർന്നു.
ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് നിയന്ത്രിത വേഗത്തിലാണ് പേടകം അന്തരീക്ഷത്തിലേക്ക് കടന്നത്. ഇന്ത്യൻ സമയം പുലർച്ചെ 2.54ഓടെ ഡീഓർബിറ്റ് ബേൺ പൂർത്തിയാക്കി. അന്തരീക്ഷത്തിലെ ഘർഷണം മൂലം പേടകത്തിനു മേലുണ്ടാകുന്ന 3500 ഡിഗ്രി ഫാരൻഹീറ്റ് ചൂട് ചെറുക്കാനായി ഹീറ്റ് ഷീൽഡ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും പേടകത്തിനുണ്ടായിരുന്നു.
ഘട്ടംഘട്ടമായി വേഗം കുറച്ചശേഷം ഒടുവിൽ പാരച്യൂട്ടുകൾ വിടർത്തിയാണ് പേടകം മെക്സിൻ കടലിൽ ഇറക്കിയത്. റഷ്യൻ പേടകങ്ങൾ മൂന്നര മണിക്കൂറിൽ പൂർത്തിയാക്കുന്ന യാത്ര, സ്പേസ് എക്സിന്‍റെ കർശന സുരക്ഷാ ചട്ടങ്ങൾ കാരണം 17 മണിക്കൂറെടുത്താണ് പൂർത്തിയാക്കിയത്. നേവി സീലിന്റെ മുങ്ങൽ വിദഗ്ധരും മെഡിക്കൽ സംഘവുമുൾപ്പെടെ കടലിൽ കാത്തുനിൽപ്പുണ്ടായിരുന്നു.
യാത്രികരെ ഹെലികോപ്റ്ററിൽ ഫ്ലോറിഡയിലെ ജോൺസൺ സ്പേസ് സെന്ററിലെത്തിച്ചു. ദിവസങ്ങൾ നീളുന്ന ആരോഗ്യ പരിശോധനകൾക്കു ശേഷം ഡോക്ടർമാർ അനുമതി നൽകിയ ശേഷമേ വീടുകളിലേക്കു മടങ്ങൂ.
ോേ്ോേ്