മിസൈൽ ആക്രമണത്തിലൂടെ ഇറാൻ വലിയ തെറ്റ് ചെയ്തു: തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി
 
                                                            തെൽ അവീവ്: മിസൈൽ ആക്രമണത്തിലൂടെ ഇറാൻ വലിയ തെറ്റ് ചെയ്തുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ആര് ആക്രമിച്ചാലും തിരിച്ചടിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേൽ മന്ത്രിസഭയുടെ അടിയന്തര യോഗത്തിലാണ് നെതന്യാഹുവിന്റെ പരാമർശം. ഇറാൻ മിസൈൽ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. സൈനികവക്താവ് ഡാനിയേൽ ഹാഗാരിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേൽ പ്രതിരോധസേന മിസൈൽ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും സൈനിക വക്താവ് അവകാശപ്പെട്ടു.
തെൽ അവീവിനുനേരെ ഇറാൻ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു. 180ലധികം മിസൈലുകളാണ് ഇറാൻ അയച്ചത്. ഇസ്രായേലിനുനേരെ ഇറാൻ മിസൈൽ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകിയതിനു തൊട്ടുപിന്നാലെയാണ് ഇറാന്‍റെ അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. ഇസ്രായേൽ സേന തന്നെയാണ് മിസൈൽ ആക്രമണം സ്ഥിരീകരിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് നീങ്ങാൻ ഇസ്രായേൽ സേന ജനങ്ങളോടാവശ്യപ്പെട്ടു. ചിലയിടങ്ങളിൽ ആക്രമണം തടഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഇസ്രായേലിനു നേരെ മിസൈൽ അക്രമണം നടത്തിയതായി ഇറാന്‍റെ റവലൂഷനറി ഗാർഡും സ്ഥിരീകരിച്ചു. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ലയെയും ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യയെയും വധിച്ചതിനുള്ള തിരിച്ചടിയാണ് മിസൈൽ ആക്രമണമെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി. ആക്രമണത്തിനു പിന്നാലെ ഇസ്രായേലിൽ വിമാനത്താവളങ്ങൾ അടച്ചു.
sdfsf
 
												
										 
																	