കേരളത്തിൽ 24,49,222 കുട്ടികൾ‍ക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽ‍കും


തിരുവനന്തപുരം: സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികൾ‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽ‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ‍ അറിയിച്ചു.

ദേശീയ പോളിയോ നിർ‍മാർ‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 31നാണ് പൾ‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി നടത്തുന്നത്. പരിചയം സിദ്ധിച്ച സന്നദ്ധ പ്രവർ‍ത്തകർ‍ അന്നേ ദിവസം രാവിലെ 8 മണി മുതൽ‍ വൈകുന്നേരം 5 മണി വരെയാണ് പോളിയോ ബൂത്തുകളിലൂടെ പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണം ചെയ്യുന്നത്.

കുഞ്ഞുങ്ങൾ‍ക്ക് പോളിയോ തുള്ളിമരുന്ന് നൽ‍കുന്നതിനായിസംസ്ഥാനത്താകെ24,690ബൂത്തുകൾ‍ സജ്ജീകരിച്ചിട്ടുണ്ട്. പോളിയോ പ്രതിരോധ മാനദണ്ഡങ്ങളും കോവിഡ് മാർ‍ഗനിർ‍ദേശങ്ങളും പൂർ‍ണമായും പാലിച്ചു കൊണ്ടായിരിക്കും പോളിയോ തുള്ളി മരുന്ന് വിതരണം നടത്തുക.

വാക്‌സിനേഷൻ സ്വീകരിക്കാൻ‍ എത്തുന്നവർ‍ മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക,സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധ മാർ‍ഗനിർ‍ദേശങ്ങൾ‍ കർ‍ശനമായി പാലിക്കേണ്ടതാണ്. 5 വയസിന് താഴെ പ്രായമുള്ള എല്ലാ കുട്ടികൾ‍ക്കും പൾ‍സ് പോളിയോ തുള്ളിമരുന്ന് നൽ‍കണമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികളുടെ നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളിയോ. 2011ൽ‍ ഇന്ത്യ പോളിയോ വിമുക്തമായെങ്കിലും അയൽ‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിൽ‍ പോളിയോ കേസുകൾ‍ റിപ്പോർ‍ട്ട് ചെയ്യുന്നതിനാലാണ് വാക്‌സിനേഷന്‍ നൽ‍കേണ്ടിവരുന്നത്. പനി,ഛർ‍ദി, വയറിളക്കം, പേശിവേദന എന്നിവയാണ് പോളിയോ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ‍. രോഗബാധയുണ്ടായാൽ‍ ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങൾ‍ തളർ‍ന്നു പോകാന്‍ സാധ്യതയുണ്ട് പ്രധാനമായും കൈകാലുകളിൽ‍ ആണ് അംഗവൈകൽയം ഉണ്ടാകുന്നത്. അതിനാലാണ് പ്രതിരോധ വാക്‌സിന്റെ പ്രാധാന്യം.

അങ്കണവാടികൾ‍, സ്‌കൂളുകൾ‍, ബസ് സ്റ്റാന്‍ഡുകൾ‍, ആരോഗ്യകേന്ദ്രങ്ങൾ‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയിൽ‍വേ സ്‌റ്റേഷനുകൾ‍ തുടങ്ങിയ കുട്ടികൾ‍ വന്നു പോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകൾ‍ സ്ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതാണ്.

കൂടാതെ അതിഥി തൊഴിലാളികൾ‍ താമസിക്കുന്ന ഇടങ്ങളിൽ‍ 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾ‍ ഉണ്ടെങ്കിൽ‍ അവർ‍ക്ക് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈൽ‍ യൂണിറ്റുകൾ‍ ഉൾ‍പ്പെടെയുള്ള സജ്ജീകരണങ്ങൾ‍ ഏർ‍പ്പെടുത്തുന്നതാണ്.

രോഗപ്രതിരോധ വാക്‌സിനേഷൻ പട്ടിക പ്രകാരം പോളിയോ പ്രതിരോധ മരുന്ന് നൽ‍കിയിട്ടുള്ള കുട്ടികൾ‍ക്കും പൾ‍സ് പോളിയോ ദിനത്തിൽ‍ പ്രതിരോധ തുള്ളിമരുന്ന് നൽ‍കേണ്ടതാണ്. എന്തെങ്കിലും കാരണവശാൽ‍ പൾ‍സ് പോളിയോ ഇമ്മ്യൂണൈസേഷൻ ദിനത്തിൽ‍ വാക്‌സിന്‍ ലഭിക്കാത്ത കുട്ടികൾ‍ ഉണ്ടെങ്കിൽ‍ അവരെ കണ്ടെത്തുകയും വോളണ്ടിയർ‍മാർ‍ അവരുടെ വീടുകളിൽ‍ പോളിയോ പ്രതിരോധ തുള്ളിമരുന്ന് എത്തിക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്.

ലോകത്തെ പോളിയോ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു ബൃഹത്തായ ആരോഗ്യ പരിപാടിയാണ് പൾ‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പ്രോഗ്രാം. ഈ സംരംഭം വിജയിപ്പിക്കുന്നതിനായി എല്ലാ സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണം മന്ത്രി അഭ്യർ‍ത്ഥിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed