കോംഗോയിൽ എബോള രോഗവ്യാപനം അതിരൂക്ഷം; ഔദ്യോഗിക കണക്കുകളേക്കാൾ നാലിരട്ടിയെന്ന് ലോകാരോഗ്യ സംഘടന
ശാരിക l ആരോഗ്യം
ബനിയ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് വ്യാപനം ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നതിനേക്കാൾ വളരെ വലുതാണെന്ന് ലോകാരോഗ്യ സംഘടനയുടെ (WHO) മുന്നറിയിപ്പ്. യഥാർത്ഥ രോഗവ്യാപനം നിലവിലെ കണക്കുകളെ അപേക്ഷിച്ച് രണ്ടുമുതൽ നാലു വരെ ഇരട്ടിയായിരിക്കാമെന്ന് ഡബ്ല്യു.എച്ച്.ഒ എമർജൻസി ഡയറക്ടർ ചിക്കു ഇഹെക്വസു വ്യക്തമാക്കി.
ഇറ്റൂരി പ്രവിശ്യയിലെ ബനിയയിൽ, രോഗം സ്ഥിരീകരിച്ചവരിൽ 80 ശതമാനം പേർക്കും നിലവിൽ നിരീക്ഷണത്തിലുള്ള രോഗികളുമായി യാതൊരു സമ്പർക്കവുമില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സമ്പർക്കപ്പട്ടികയ്ക്ക് പുറത്തുള്ളവരിലേക്ക് രോഗം പടരുന്നത് ആരോഗ്യ പ്രവർത്തകരെ വലിയ രീതിയിൽ ആശങ്കയിലാക്കുന്നുണ്ട്. ഇത് രോഗബാധിതരെ കണ്ടെത്താനുള്ള സർവേയ്ലൻസ് സംവിധാനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. സർക്കാർ കണക്കുകൾ പ്രകാരം ഇതുവരെ 1,792 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 625 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ യഥാർത്ഥ വ്യാപന തോത് ഇതിലും ഭയാനകമാണെന്നാണ് പുതിയ കണ്ടെത്തൽ.
ഇത്തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 'ബുണ്ടിബുഗ്യോ' (Bundibugyo) എന്ന എബോള വൈറസ് വകഭേദം മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് തീവ്രത കുറഞ്ഞ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്. രോഗലക്ഷണങ്ങൾ മന്ദഗതിയിലായതിനാൽ ജനങ്ങൾ ഇതിനെ ഗൗരവമായി കാണുന്നില്ലെന്നതാണ് പ്രധാന വെല്ലുവിളി. രോഗികളായ ബന്ധുക്കളെ ആശുപത്രികളിൽ എത്തിക്കുന്നതിന് പകരം വീടുകളിൽ തന്നെ ചികിത്സിച്ച് പാർപ്പിക്കുന്നത് വൈറസ് സമൂഹത്തിൽ കൂടുതൽ പടരാൻ കാരണമാകുന്നു. ആശുപത്രികളിൽ എത്താതിരിക്കുന്ന രോഗികൾ കൂടുതൽ കാലം സമൂഹത്തിൽ ഇടപഴകുന്നത് അണുബാധയുടെ സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ആദ്യഘട്ടത്തിൽ റിപ്പോർട്ട് ചെയ്ത 400 മരണങ്ങളിൽ ഏകദേശം 70 ശതമാനവും ഔദ്യോഗിക ചികിത്സാ കേന്ദ്രങ്ങൾക്ക് പുറത്താണ് സംഭവിച്ചതെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
നിലവിൽ ബനിയയിൽ രോഗപരിശോധന നടത്തുന്നവരിൽ പകുതിയോളം പേരും പോസിറ്റീവ് ആകുന്നത് വലിയ തോതിലുള്ള സമൂഹവ്യാപനത്തിന്റെ സൂചനയാണ്. വടക്കൻ കിവു, തെക്കൻ കിവു, ഷോപോ പ്രവിശ്യകളിലേക്കും ഇതിനകം വൈറസ് വ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ 21,000 ആരോഗ്യ പ്രവർത്തകർക്ക് വിദഗ്ധ പരിശീലനം നൽകി വരികയാണെന്നും, വീടുകൾ കയറിയിറങ്ങി രോഗലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കാൻ വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മെയ് മാസം പകുതിയോടെയാണ് കോംഗോയിൽ എബോള പൊട്ടിപ്പുറപ്പെട്ടത്. ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ജനങ്ങളിൽ ബോധവൽക്കരണം ശക്തമാക്കിയാൽ മാത്രമേ ഈ പകർച്ചവ്യാധിയെ നിയന്ത്രിക്കാൻ സാധിക്കൂ എന്ന് ലോകാരോഗ്യ സംഘടന അടിവരയിടുന്നു.
zfdz

