കൊളസ്ട്രോളിനെ വീഴ്ത്താൻ ഇനി ഇൻജക്ഷൻ പേടി വേണ്ട: ചരിത്രത്തിലാദ്യമായി വിപ്ലവകരമായ ഗുളികയ്ക്ക് എഫ്.ഡി.എ അംഗീകാരം
ഷീബ വിജയൻ
ന്യൂഡൽഹി: രക്തത്തിലെ ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത. കൊളസ്ട്രോൾ കുറക്കാൻ ഇൻജക്ഷന് പകരം കഴിക്കാൻ കഴിയുന്ന ഗുളിക ഉടൻ ലഭ്യമാകും. ഓറൽ PCSK9 ഇൻഹിബിറ്ററിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) അംഗീകാരം നൽകി.
'ലിപ്്ഫെൻഡ്ര' (Lipfendra) എന്ന് പേരിട്ടിരിക്കുന്ന ഈ ഗുളിക, പാരമ്പര്യമായി ഉണ്ടാകുന്ന ഹെറ്ററോസൈഗസ് ഫാമിലിയൽ ഹൈപ്പർകൊളസ്ട്രോളീമിയ (heterozygous familial hypercholesterolaemia) ഉൾപ്പെടെയുള്ള ഉയർന്ന കൊളസ്ട്രോളുള്ളവർക്ക് നൽകാനാണ് എഫ്.ഡി.എ അംഗീകാരം നൽകിയിരിക്കുന്നത്. കൊളസ്ട്രോൾ നിയന്ത്രിക്കാൻ ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു ഗുളികക്ക് അംഗീകാരം ലഭിക്കുന്നത്.
എന്നാൽ ഈ മരുന്ന് ഉടൻ തന്നെ ഇന്ത്യയിൽ ലഭ്യമാകാൻ സാധ്യതയില്ല. ഒരു മരുന്നിന് വിദേശത്ത് അംഗീകാരം ലഭിച്ചാലും അത് ഇന്ത്യയിൽ വിപണനം ചെയ്യാൻ കഴിയില്ലെന്ന് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ നാഷണൽ ജനറൽ സെക്രട്ടറി ഡോ. സുഭാഷ് മണ്ഡൽ പറഞ്ഞു. രാജ്യത്തെ ചട്ടങ്ങൾ അനുസരിച്ച് ആവശ്യമെങ്കിൽ ക്ലിനിക്കൽ ട്രയലുകൾ ഉൾപ്പെടെ നടത്തി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിൽ (സി.ഡി.എസ്.സി.ഒ) നിന്ന് അംഗീകാരം നേടിയിരിക്കണമെന്നും ഡോ. സുഭാഷ് മണ്ഡൽ വ്യക്തമാക്കി.
സാധാരണ കഴിക്കുന്ന മരുന്നുകൾ നൽകിയിട്ടും ഉയർന്ന അപകടസാധ്യതയുള്ള പല രോഗികളിലും ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (LDL) കൊളസ്ട്രോൾ ഉയർന്ന അളവിൽ തന്നെ തുടരുന്നവർക്ക് ഈ മരുന്ന് ഏറെ സഹായകമാകും. 3,207 മുതിർന്നവരിൽ ലിപ്ഫെൻഡ്ര ഗുളികയുടെ ക്ലിനിക്കൽ പരിശോധന നടത്തിയിരുന്നു. ദിവസേന ഒരിക്കൽ ഈ ഓറൽ മരുന്ന് കഴിച്ച രോഗികളിൽ 24 ആഴ്ചകൾക്കുള്ളിൽ എൽ.ഡി.എൽ കൊളസ്ട്രോൾ 56-59 ശതമാനം വരെ കുറഞ്ഞതായി കണ്ടെത്തി. ഇത് ഇൻജക്ഷൻ വഴി നൽകുന്ന PCSK9 ഇൻഹിബിറ്ററുകൾക്ക് തുല്യമായ ഫലം നൽകുന്നു. നിലവിലുള്ള ചികിത്സകൾ നൽകിയിട്ടും കൊളസ്ട്രോൾ നിയന്ത്രിക്കാനാകാത്തവർക്ക് ഫലപ്രദമായ മറ്റൊരു മാർഗ്ഗം കൂടിയാണിത്.
എന്നിരുന്നാലും, ഈ മരുന്ന് ആദ്യഘട്ട ചികിത്സയായി മാറാൻ സാധ്യതയില്ലെന്നാണ് ഹൃദ്രോഗ വിദഗ്ദ്ധർ പറയുന്നത്. ഇൻജക്ഷനുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന രോഗികൾക്ക് പ്രതീക്ഷ നൽകുന്ന മരുന്നാണിതെന്ന് ഡൽഹി എയിംസിലെ കാർഡിയോളജി പ്രൊഫസറായ ഡോ. അംബുജ് റോയ് പറഞ്ഞു.
dfdffggh

