മനുഷ്യന്റെ ചര്‍മ്മകോശങ്ങള്‍ ഉപയോഗിച്ച് അണ്ഡം; വന്ധ്യത ചികിത്സാരംഗത്ത് പുതിയ കണ്ടുപിടുത്തവുമായി ഗവേഷകർ


ശാരിക

വാഷിംഗടൺ l പ്രായമായതോ അണ്ഡോത്പാദന ശേഷിയില്ലാത്തതോ ആയ സ്ത്രീകൾക്കും പ്രത്യുത്പാദനത്തിന് അവസരമൊരുക്കാൻ സാധിക്കുമെന്ന അവകാശവാദവുമായി അമേരിക്കയിൽ നിന്നുള്ള ഒരുകൂട്ടം ഗവേഷകർ രംഗത്തെത്തിയിരിക്കുകയാണ്. ലോകത്ത് ആദ്യമായി മനുഷ്യൻ്റെ ചര്‍മ്മകോശങ്ങള്‍ ഉപയോഗിച്ച് ബീജസങ്കലന ശേഷിയുള്ള അണ്ഡം വികസിപ്പിച്ചെടുക്കുകയും അത് ബീജവുമായി സംയോജിപ്പിക്കുകയും ചെയ്തിരിക്കുന്നു. വന്ധ്യതയ്ക്ക് ഒരു പരിഹാരം കണ്ടെത്തുക എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും എന്നു തന്നെയാണ്
ഇത് സംബന്ധിച്ച പഠനം വ്യക്തമാക്കുന്നത്. നേച്ചര്‍ കമ്യൂണിക്കേഷന്‍സ് ജേണൽ ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷണം വിജയിച്ചാൽ അണ്ഡങ്ങളുടെയോ ബീജങ്ങളുടെയോ അഭാവം മൂലം കുട്ടികളുണ്ടാവാത്ത ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷനല്‍കുന്നതിനൊപ്പം ഈ രീതി ഉപയോഗിച്ച് സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് ജനിതകമായി തന്നെ കുട്ടിയുണ്ടാകാനുള്ള സാധ്യതയുമുണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ജീവ ശാസ്ത്രജ്ഞനായ ഷൗഖ്രത് മിത്താലിപോവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഗവേഷണത്തിലാണ് മനുഷ്യചര്‍മ്മത്തിലെ കോശങ്ങളെ അണ്ഡകോശങ്ങളാക്കി പുനര്‍നിര്‍മ്മിച്ച ഈ ഗവേഷണം നടന്നത്. പിന്നീട് ലാബില്‍ വച്ച് വിജയകരമായി ബീജസങ്കലനം നടത്തുകയായിരുന്നു. 'മൈറ്റോമിയോസിസ്' എന്ന് വിളിക്കുന്ന ഒരു പുതിയ പ്രക്രിയയെ അടിസ്ഥാനമാക്കിയാണ് ഈ കണ്ടുപിടുത്തം.

ആദ്യം ചര്‍മ്മ കോശങ്ങളില്‍ നിന്ന് കോശകേന്ദ്രം (ന്യൂക്ലിയസ്) വേര്‍തിരിച്ചെടുക്കുകയായിരുന്നു. പിന്നീട് ആരോഗ്യമുളള ദാതാവിന്റെ അണ്ഡത്തിന്റെ ന്യൂക്ലിയസ് നീക്കിയ ശേഷം ചര്‍മ്മകോശത്തിന്റെ ന്യൂക്ലിയസ് ഈ അണ്ഡത്തില്‍ നിക്ഷേപിക്കുന്നു. 'സൊമാറ്റിക് സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍' എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.

ഈ പ്രക്രിയയിലെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടം ബീജ സങ്കലനത്തിന് 23 ക്രോമസോമുകളുളള ഒരു അണ്ഡം 23 ക്രോമസോമുകള്‍ വഹിക്കുന്ന മറ്റൊരു ബീജവുമായി സംയോജിപ്പിക്കുന്നതാണ്. ഈ രീതി ഉപയോഗിച്ച് ഗവേഷകര്‍ 82 ഫങ്ഷണല്‍ ഓസൈറ്റുകള്‍(അണ്ഡങ്ങള്‍) ഉത്പാദിപ്പിക്കുകയും ബീജം ഉപയോഗിച്ച് അവയെ ബീജ സങ്കലനം ചെയ്യുകയും ചെയ്തു. ആറാം ദിവസത്തോടെ ഒന്‍പത് ശതമാനം ഭ്രൂണവികാസം സംഭവിക്കുകയായിരുന്നു. ഈ പഠനം ശൈശവ ദിശയിലാണ്. എന്നാൽ ആളുകളില്‍ സുരക്ഷിതവും ഫലപ്രദവുമാകുമോ എന്ന് സ്ഥാപിച്ചെടുക്കാന്‍ വര്‍ഷങ്ങളുടെ ഗവേഷണം അനിവാര്യമാണെന്നാണ് ഗവേഷകർ പറയുന്നത്.

article-image

േോേ്ോ

You might also like

Most Viewed