കഫ് സിറപ് വില്ലനാകുന്നതെങ്ങനെ?

ശാരിക
കാസർഗോഡ് l മധ്യപ്രദേശിലും രാജസ്ഥാനിലും ചുമയ്ക്കുള്ള മരുന്ന് കഴിച്ച് കൊച്ചുകുട്ടികള്‍ മരിച്ച സംഭവം ഏറെ ആശങ്കയും നടുക്കവും ഉളവാക്കുന്നതാണ്. കരിംപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കോള്‍ഡ്‌റിഫ് കഫ് സിറപ്പ് കഴിച്ചാണ് 11 കുഞ്ഞുങ്ങള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കിഡ്‌നി പ്രശ്‌നങ്ങള്‍ മൂലമാണ് മരണങ്ങള്‍ സംഭവിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. മധ്യപ്രദേശില്‍ ഒമ്പത് കുട്ടികള്‍ മരിച്ചപ്പോള്‍ രാജസ്ഥാനില്‍ മരണത്തിന് കീഴടങ്ങിയത് മൂന്ന് കുട്ടികളാണ്. ഇതിന് പിന്നാലെ തമിഴ്‌നാട്ടിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡ്രഗ്‌സ് കണ്‍ഡ്രോളും ഈ മരുന്നിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അതിനിടെ രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും നിർദേശിച്ചിട്ടുണ്ട്. ഇത്തരം മരുന്നുകളുടെ ഉപയോഗം കൃത്യമായ ക്ലിനിക്കൽ പരിശോധനയ്ക്കും ഡോക്ടർമാരുടെ നിർദേശത്തിനും ശേഷം മാത്രം മതി. മരുന്ന് ഇതര രീതികൾ ആയിരിക്കണം രോഗികൾക്ക് നൽകേണ്ട പ്രാഥമിക പരിചരണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക.
മരുന്ന് നിർദേശിക്കുന്നതിൽ സ്വകാര്യ സ്ഥാപനങ്ങളടക്കം ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. ഈ മാർഗനിർദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടി.
ഒരു പനിയോ അതിനൊപ്പം ഒരു ചുമയോ വന്നാല്‍ ഏതെങ്കിലും കഫ് സിറപ്പ്, അല്ലെങ്കില്‍ സ്ഥിരം പനി ഗുളിക എന്നിവ കഴിക്കുന്നതാണ് മിക്കപേരുടേയും ശീലം. എന്നാൽ ഇതിന് പിന്നിൽ പതിയിരിക്കുന്ന അപകടത്തെ കുറിച്ച് ആരും ചിന്തിക്കാറില്ല. ചുമയും പനിയും പലവിധം.... പ്രതിവിധിയും പലവിധം.
മരുന്നുകളെ കുറിച്ചും അതിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണോ നിങ്ങൾ? ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുമാര്‍, ന്യൂട്രീഷ്യണിസ്റ്റുമാര്‍ ഇവര്‍ക്കൊക്കെ ഇവയില്‍ എന്ത് അടങ്ങിയിരിക്കുന്നു, ഇവ കഴിക്കേണ്ടതെപ്പോള്‍, എങ്ങനെയെന്ന് നമുക്ക് ഒരു പരിധിവരെ പറഞ്ഞ് തരാന്‍ കഴിയും. എന്നാൽ അതത് ഡോക്റിനെ സമീപിക്കുക എന്നതു തന്നെയാണ് ഏറ്റവും അഭികാമ്യം. ഡോക്ടര്‍മാര്‍ കുറിച്ച് തരുന്നതിന് മാത്രം പ്രാധാന്യം കൊടുക്കുക.
നിലവില്‍ അത്യാഹിതമുണ്ടായ രാജസ്ഥാനിലും മധ്യപ്രദേശിലും ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കിയ മരുന്നാണ് മരണങ്ങള്‍ക്ക് കാരണമായത്. എങ്കിലും നമ്മുടെ ചില ശീലങ്ങളും അപകടം ക്ഷണിച്ചുവരുത്താം.
പല സംയുക്തങ്ങള്‍ അടങ്ങിയ പല വെറൈറ്റി കഫ് സിറപ്പുകളാണ് മെഡിക്കല്‍ സ്റ്റോറുകളില്‍ ഉള്‍പ്പെടെ ലഭിക്കുക. ഇതില്‍ ചിലത് കുടിച്ചാല്‍ സെഡേഷന്‍ ഉണ്ടാവാന്‍ സാധ്യതയുള്ളവയുമുണ്ട്. ആരോഗ്യകരമായ ശരീരമുള്ളയൊരാള്‍ക്കും പെട്ടെന്ന് പനിയും ചുമയുമൊക്കെ വരാം. അപ്പോഴും നിങ്ങള്‍ കഴിക്കേണ്ട മരുന്ന് നിങ്ങളുടെ ജോലി എന്താണെന്ന് പോലും പരിഗണിച്ചാകും ഡോക്ടര്‍മാര്‍ കുറിക്കുക. ഉദാഹരണത്തിന് നിങ്ങളൊരു ഡ്രൈവറോ, പെയിന്റ് പണി ചെയ്യുന്ന ആളോ ആണെന്ന് കരുതുക. നിങ്ങള്‍ക്ക് ഒരിക്കലും സെഡേഷന്‍ ഉണ്ടാവുന്ന തരം കഫ് സിറപ്പ് ഡോക്ടര്‍ കുറിച്ച് തരില്ല. ഇത്തരം ഘടകങ്ങളും പരിഗണിച്ചാണ് മരുന്നുകള്‍ പ്രിഫര്‍ ചെയ്യുന്നതെന്ന് മനസിലാക്കുക.
ഇനി മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നം, അതായത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളയാള്‍ക്കാണ് ചുമ കൊണ്ട് ബുദ്ധിമുട്ട് നേരിടുന്നതെന്ന് കരുതുക. അത്തരം അവസ്ഥയിലുള്ള ഒരാള്‍ക്ക് ഹൃദയമിടിപ്പ് വര്‍ധിപ്പിക്കാന്‍ കഴിയുന്ന സംയുക്തങ്ങള്‍ അടങ്ങിയ കഫ് സിറപ്പ് ഒരിക്കലും ഡോക്ടര്‍ കുറിച്ചു തരില്ല. അതുകൊണ്ടുതന്നെ സ്വയം ചികിത്സകനാകാതെ മരുന്ന് കുറിച്ചുതരാൻ ബോധവും അറിവും ഉള്ളവരെ തന്നെ സമീപിക്കൂ... ഓർക്കുക, ജീവനും ജീവിതവും നിങ്ങളുടേതാണ്...
asdas