തെന്നിന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിങ് ഫ്‌ളോറുമായി 'കത്തനാർ'


ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാരി’ന്റെ ചിത്രീകരണത്തിനായി കൂറ്റന്‍ മോഡുലാര്‍ ഷൂട്ടിങ് ഫ്‌ളോര്‍ ഒരുങ്ങുന്നു. ശ്രീ ഗോകുലം മൂവീസിന്റെ നിര്‍മാണത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ കത്തനാരിന് വേണ്ടി നാല്‍പതിനായിരം ചതുരശ്ര അടിയിലാണ് ഷൂട്ടിങ് ഫ്‌ളോര്‍ നിര്‍മിക്കുന്നത്. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷൂട്ടിങ് ഫ്‌ളോര്‍ എറണാകുളം ജില്ലയിലാണ് നിര്‍മിക്കുന്നത്. 35 ഏക്കര്‍ സ്ഥലമാണ് ഇതിനായി ഒരുക്കിയത്.


രാജ്യത്താദ്യമായാണ് വിര്‍ച്വല്‍ സാങ്കേതിക (VR) വിദ്യയുടെ സഹായത്തോടെയാണ് ഇത്തരമൊരു ഷൂട്ടിങ് ഫ്‌ളോര്‍ ഒരു സിനിമയ്ക്ക് വേണ്ടി നിര്‍മിക്കുന്നത്. ARRI ALEXA 35 എന്ന പ്രീമിയം ക്യാമറയാണ് ചിത്രീകരണത്തിന് വേണ്ടി ഉപയോഗിക്കുന്നത്. ഫാന്റസി അഡ്വഞ്ചര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം വിദേശ സിനിമകളില്‍ ഉപയോഗിച്ചുവരുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ളതാണ്.

ജോ &ദി ബോയ്, ഹോം എന്നീ ചിത്രങ്ങള്‍ക്കുശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കത്തനാര്‍. അടുത്ത വര്‍ഷമാണ് ചിത്രീകരണം ആരംഭിക്കുന്നത്. രാജീവനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. കൊച്ചിയിലെ പൂക്കാട്ടുപടിയിലാണ് ഷൂട്ടിങ് ഫ്‌ളോറിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.

ചെന്നൈയിലും ഗോകുലം മൂവിസിന്റെ സിനിമാ ചിത്രീകരണങ്ങള്‍ക്കായി സ്റ്റുഡിയോ ഫ്‌ളോര്‍ നിലവിലുണ്ട്. എന്നാല്‍ കത്തനാരിന് വേണ്ടി ആധുനിക സാങ്കേതിക വിദ്യകളോടെയുള്ള ഫ്‌ളോര്‍ നിര്‍മിക്കണമെന്ന തീരുമാനത്തിലേക്ക് അണിയറ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.

മലയാളത്തിന് പുറമേ ഇതര ഭാഷകളില്‍ നിന്നുമുള്ള അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിദ്ദു പനയ്ക്കല്‍. പിആര്‍ഒ: വാഴൂര്‍ ജോസ്.

article-image

AA

You might also like

  • Straight Forward

Most Viewed