കൊച്ചി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം

കേരളത്തിന്റെ സിനിമാ തലസ്ഥാനമായ കൊച്ചിയിൽ അഞ്ച് ദിവസം നീളുന്ന പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് എറണാകുളത്ത് തുടക്കമായി. രാവിലെ 9−ന് സരിത തീയറ്ററിൽ നടൻ മോഹൻലാൽ മേള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സാംസ്‌കാരിക, മത്സ്യബന്ധന, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. പ്രമുഖ എഴുത്തുകാരൻ എൻ.എസ് മാധവൻ ചടങ്ങിൽ മുഖ്യാതിഥിയായി.
സംഘാടക സമിതി ചെയർമാൻ ജോഷി, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സെക്രട്ടറി സി. അജോയ്, വൈസ് ചെയർമാൻ പ്രേംകുമാർ, ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാപോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിനുശേഷം ബംഗ്‌ളാദേശ്, സിംഗപ്പൂർ, ഖത്തർ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ‘രെഹാന’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. സരിത, സവിത, കവിത തീയറ്ററുകളിലായി നടക്കുന്ന മേളയിൽ 26ാമത് ഐ.എഫ്.എഫ്.കെയിൽ ശ്രദ്ധേയമായ 70ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും.
സുവർണചകോരം ലഭിച്ച ‘ക്‌ളാരാ സോള’, പ്രേക്ഷകപ്രീതി ഉൾപ്പെടെ മൂന്ന് പുരസ്‌കാരങ്ങൾ ലഭിച്ച ‘കൂഴങ്കൽ’, മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്, ഫിപ്രസ്‌കി, നെറ്റ്പാക് പുരസ്‌കാരങ്ങൾ നേടിയ ‘ആവാസവ്യൂഹം’, ‘നിഷിദ്ധോ’, ‘കുമ്മാട്ടി’യുടെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പ് തുടങ്ങി 26ാമത് ഐ.എഫ്.എഫ്.കെയിലെ പ്രധാനപ്പെട്ട എല്ലാ ചിത്രങ്ങളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.