രണ്ടാമൂഴം: കേസ് ആര്‍ബിട്രേഷന് വിടുന്ന കാര്യത്തില്‍ കോടതി 17 ന് വിധി പറയും
കോഴിക്കോട്: രണ്ടാമൂഴം കേസ് ആര്‍ബിട്രേഷന് വിടണമോയെന്ന കാര്യത്തില്‍ കോഴിക്കോട് അഡിഷണല്‍ മുന്‍സിഫ് കോടതി 17ന് വിധി പറയും. കേസ് ആര്‍ബിട്രേറ്റര്‍ക്ക് വിടണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ ആര്‍ബിട്രേഷന് പ്രസക്തയില്ലെന്ന നിലപാടിലാണ് എംടി വാസുദേവന്‍ നായര്‍ ഉറച്ചുനില്‍ക്കുന്നത്. 2014 ഡിസംബര്‍ 13 നാണ് എംടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മില്‍ രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരാറില്‍ ഒപ്പു വച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ ചിത്രീകരണം തുടങ്ങാമെന്ന കരാറിലായിരുന്നു രണ്ടാമൂഴത്തിന്റെ തിരക്കഥ കൈമാറ്റം. 2017 ഡിസംബര്‍ 13ന് കരാര്‍ കാലാവധി അവസാനിച്ചു. ഇക്കാര്യം വിശദമാക്കി എംടി വാസുദേവന്‍ നായര്‍, സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന് നോട്ടീസ് അയച്ചിരുന്നു. ഇതിനു മറുപടി ലഭിച്ചില്ല. കരാര്‍ കാലാവധിയും കഴിഞ്ഞ് ഒരുവര്‍ഷമാകുമ്പോഴാണ് തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എംടി കോടതിയിലെത്തിയത്. ഇരുകക്ഷികളും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പ്രശ്‌നപരിഹാരത്തിന് ആര്‍ബിട്രേറ്ററെ വയ്ക്കണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിഎ ശ്രീകുമാര്‍ മേനോന്‍ എംടിയുടെ വാദത്തെ എതിര്‍ത്തു. ഇത് സിവില്‍ കോടതിയില്‍ തീര്‍പ്പാക്കേണ്ട വിഷയമല്ലെന്നും ശ്രീകുമാര്‍ മേനോന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കാലാവധി കഴിഞ്ഞതോടെ കരാര്‍ തന്നെ ഇല്ലാതായ സാഹചര്യത്തില്‍ ആര്‍ബിട്രേഷന്‍ വേണമെന്ന വാദം നിലനില്‍ക്കുന്നതല്ലെന്ന് എംടിയുടെ അഭിഭാഷകന്‍ വാദിച്ചു. വാദം കേട്ട കോടതി ആര്‍ബിട്രേറ്ററെ വയ്ക്കണമോ എന്ന കാര്യത്തില്‍ വരുന്ന 17 ന് വിധി പറയും.




