ശബരിമല : സർവകക്ഷി യോഗത്തിൽ യുഡിഎഫ് പങ്കെടുക്കും


തിരുവനന്തപുരം : ശബരിമല വിഷയം ചർച്ച ചെയ്യാൻ സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ യുഡിഎഫിന്റെ തീരുമാനം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയടക്കം നിലപാടുകൾ തള്ളിയാണ് മുന്നണി ഇത്തരമൊരു തീരുമാനത്തിലെത്തിയത്. മുഖ്യമന്ത്രിയുടെ നില പരുങ്ങലിലായപ്പോഴാണ് യോഗം വിളിച്ചതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് മുന്‍പ് ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പുച്ഛിച്ചതായും മുല്ലപ്പള്ളി പറഞ്ഞു.

എന്നാല്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഘടകകക്ഷികള്‍ നിലപാടെടുത്തു. സമാധാനം തകര്‍ക്കുന്ന ഒന്നും ശബരിമലയില്‍ ഉണ്ടാകരുതെന്ന് ആവശ്യപ്പെടാനാണു യുഡിഎഫിന്റെ തീരുമാനം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തിലയും തമ്മില്‍ വിഷയം ഫോണില്‍ സംസാരിച്ചിരുന്നു.

എന്‍എസ്എസിനെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകാനുള്ള ചര്‍ച്ചകളാണു സര്‍ക്കാരിനുള്ളില്‍ നടക്കുന്നത്. സമവായത്തിന് എന്‍എസ്എസും തയാറാണെന്ന സൂചനകളാണു പുറത്തുവരുന്നത്. ശബരിമലയിലെ ആചാരങ്ങള്‍ക്കു തടസമുണ്ടാകാത്ത തരത്തില്‍ സര്‍ക്കാര്‍ വിവേകപൂര്‍വമായ തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷയെന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രതികരിച്ചിരുന്നു.

പുനഃപരിശോധന, റിട്ട് ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനമെടുത്തതിനു പിന്നാലെയാണു സർവകക്ഷി യോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്. സുപ്രീംകോടതി നിലപാടു പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം ആശയവിനിമയം നടത്തിയത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed