തർക്കം പരിഹരിച്ചു; ഇളയരാജക്ക് ₹50 ലക്ഷം, 'ഡ്യൂഡിൽ' ഇനി പാട്ടുകൾ ഉപയോഗിക്കാം
ഷീബ വിജയ൯
ചലച്ചിത്ര നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ്, സംഗീത സംവിധായകൻ ഇളയരാജയുമായുള്ള തർക്കം പരിഹരിച്ചു. തൻ്റെ അനുമതിയില്ലാതെ സിനിമയിൽ ഗാനങ്ങൾ ഉപയോഗിച്ചതിനെച്ചൊല്ലിയായിരുന്നു തർക്കം. പ്രദീപ് രംഗനാഥൻ അഭിനയിച്ച 'ഡ്യൂഡ്' എന്ന സിനിമയിൽ ഇളയരാജയുടെ 'നൂറ് വർഷം', 'കറുത്ത മച്ചാൻ' എന്നീ ഗാനങ്ങൾ ഉപയോഗിച്ചതിനാണ് നിർമാതാക്കൾ അദ്ദേഹത്തിന് 50 ലക്ഷം രൂപ നൽകിയതായി പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ അജിത് നായകനായ 'ഗുഡ് ബാഡ് അഗ്ലി'യിൽ 'ഒത്ത രൂപ', 'ഇളമൈ ഇതോ ഇതോ' എന്നീ ഗാനങ്ങൾ ഉപയോഗിച്ചതിനും മൈത്രി മൂവി മേക്കേഴ്‌സിനെതിരെ ഇളയരാജ പരാതി നൽകിയിരുന്നു.
പകർപ്പവകാശം നിലനിൽക്കെ നിയമപരമായല്ല പാട്ടുകൾ ഉപയോഗിച്ചതെന്നും ഗാനങ്ങൾ മാറ്റിമറിച്ചതിനാൽ സിനിമയിൽ നിന്ന് ഒഴിവാക്കാൻ കോടതി അടിയന്തരമായി ഇടപെടണമെന്നും ഇളയരാജക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്. പ്രഭാകരൻ ആവശ്യപ്പെട്ടു. എന്നാൽ 30 വർഷം മുമ്പിറങ്ങിയ പാട്ട് ഇപ്പോൾ സിനിമയിൽ ഉപയോഗിച്ചതിനെ എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് കോടതി ചോദിച്ചിരുന്നു. പഴയ ഗാനങ്ങൾ പുതിയ സിനിമകളിൽ ഉപയോഗിക്കുന്നത് ഒരു ട്രെൻഡ് ആയിട്ടുണ്ടെന്നും അന്നത്തെ പാട്ടുകൾ ഇന്നും ആസ്വദിക്കപ്പെടുന്നുണ്ടെന്നും ജസ്റ്റിസ് എൻ. സെന്തിൽകുമാർ പറഞ്ഞു. സോണി മ്യൂസിക്കിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്ന് നിർമാതാക്കളുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. എക്കോ റെക്കോഡിൽ നിന്ന് ഇളയരാജ ഗാനങ്ങളുടെ പകർപ്പവകാശം വാങ്ങിയത് സോണി മ്യൂസിക് ആണെന്നും അവർ പറഞ്ഞു.
sasasdsa
