അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം


ശാരിക

തിരുവനന്തപുരം l പട്ടികവിഭാഗക്കാരെയും സ്ത്രീകളെയും അധിക്ഷേപിച്ചെന്ന പരാതിയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. സർക്കാർ സംഘടിപ്പിച്ച നയരൂപീകരണ യോഗത്തിൽ നടത്തിയ പ്രസംഗത്തിനിലെ പരാമർശത്തിൽ വിവാദം തുടരുന്നതിനിടെയാണ് നിയമോപദേശം ലഭിക്കുന്നത്.

അടൂർ ഗോപാലകൃഷ്ണനെതിരെ എസ്.സി/ എസ്.ടി കമീഷനും മ്യൂസിയം പൊലീസിനുമാണ് പരാതി ലഭിച്ചത്. പരാതിയിൽ പത്തുദിവസത്തിനകം റിപ്പോർട്ട് നൽകാൻ കമീഷൻ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ പബ്ലിക് പ്രോസിക്യൂട്ടറോട് പൊലീസ് നിയമോപദേശം തേടുകയായിരുന്നു. മുഴുവൻ പ്രസംഗവുമടങ്ങിയ വിഡിയോ ക്ലിപ് അടക്കം നൽകിയാണ് നിയമോപദേശം തേടിയത്. മുഴുവൻ പ്രസംഗവും പരിശോധിക്കുമ്പോൾ പരാതിക്കാരൻ ഉന്നയിക്കുന്ന ആക്ഷേപം നിലനിൽക്കുന്നതല്ല എന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.

ഒന്നരക്കോടി രൂപ മൂന്ന് പേർക്ക് വീതിച്ചു നൽകണമെന്നും ആവശ്യമെങ്കിൽ പരിശീലനം നൽകണമെന്നുമാണ് അടൂർ പറഞ്ഞത്. നിർത്തലാക്കണമെന്നോ ഏതെങ്കിലും വിഭാഗത്തിന് നൽകരുതെന്നോ പറഞ്ഞിട്ടില്ല. ചലച്ചിത്ര രംഗത്തെ വിദഗ്ധനെന്ന നിലയിലുള്ള അഭിപ്രായം മാത്രമാണ് പറഞ്ഞത്. മുഴുവൻ പ്രസംഗത്തിനിടയിലെ ഒരു പരാമർശം മാത്രമാണ് വിവാദമാക്കുന്നത്. ആരെയെങ്കിലും അദ്ദേഹം അധിക്ഷേപിക്കുകയോ ഫണ്ട് നൽകരുതെന്ന് പറയുകയോ ചെയ്യുന്നില്ല. അതിനാൽ പരാതിയിൽ ഉന്നയിച്ചിട്ടുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കാൻ കഴിയില്ല.

പ്രസംഗത്തിലില്ലാത്ത ഒരുകാര്യം പുറത്തുനിന്ന് മറ്റൊരാൾ വ്യാഖ്യാനിച്ച് എത്തിക്കഴിഞ്ഞാൽ അത്തരത്തിൽ പൊലീസിന് കേസെടുക്കാൻ കഴിയില്ല. പിന്നാക്ക വിഭാഗത്തിന് ഫണ്ട് നൽകുന്നത് ശരിയായ രീതിയില്ല എന്ന ധ്വനി ഉയർത്തുന്ന രീതിയിൽ പ്രസംഗിച്ചെന്നാണ് ആക്ഷേപം. എന്നാൽ മുഴുവൻ പ്രസംഗത്തിൽ ഒരു നിർദേശം പോലെയാണതെന്നും പൊലീസിന് ഉപദേശം ലഭിച്ചു.

അതേസമയം, അടൂർ ഗോപാലകൃഷ്‌ണനെതിരെ പട്ടികജാതി-വർഗ പീഡന നിരോധനമുൾപ്പെടെ നിയമങ്ങളനുസരിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ദലിത് ലീഡേഴ്‌സ് കൗൺസിൽ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ഐ.കെ. രവീന്ദ്രരാജ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. പ്രസംഗത്തിന്‍റെ ഉള്ളടക്കം ജാതീയമാണ്. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനംവഹിച്ചിരുന്ന അടൂർ, ആ സ്ഥാപനത്തിലെ പട്ടികജാതിക്കാരായ വിദ്യാർഥികളെ ജാതീയമായി അധിക്ഷേപിച്ചതും കൈയുറ ധരിക്കാതെ കക്കൂസ് വൃത്തിയാക്കണമെന്ന് ആജ്ഞാപിച്ചതുൾപ്പെടെയുള്ള സംഭവങ്ങൾക്കെതിരെ വലിയ സമരം നടന്നതാണ്. ഇദ്ദേഹത്തിന്റെ പട്ടികജാതി വിരുദ്ധ മനോഭാവമാണ് സിനിമ കോൺക്ലേവിലെ പ്രസംഗത്തിലൂടെ വീണ്ടും പുറത്തുവന്നത്.

ഗോപാലകൃഷ്‌ണനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഐ.കെ. രവീന്ദ്രരാജ് പരാതിയിൽ ആവശ്യപ്പെട്ടു. നേരത്തെ ഇടതു പാർട്ടികളും കലാ-സാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനകളും അടൂരിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

article-image

fgfgdf

You might also like

  • Straight Forward

Most Viewed