സനാതനധർമത്തെക്കുറിച്ചുള്ള പരാമർശം; കമൽ ഹാസന്റെ സിനിമകൾ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി


ശാരിക

ചെന്നൈ l സനാതനധർമത്തെക്കുറിച്ചുള്ള പരാമർശത്തിന് പിന്നാലെ നടനും എംപിയുമായ കമൽ ഹാസന്റെ സിനിമകൾ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി തമിഴ്നാട് ബിജെപി രംഗത്ത്. ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

"നേരത്തെ ഉദയനിധി സ്റ്റാലിനായിരുന്നു. ഇപ്പോൾ, സനാതന ധർമ്മം നശിപ്പിക്കാൻ ആഗ്രഹിക്കുന്നത് കമലാണ്. നമുക്ക് അവരെ ഒരു പാഠം പഠിപ്പിക്കാം. കമലിന്റെ സിനിമകൾ കാണരുതെന്ന് ഞാൻ എല്ലാ ഹിന്ദുക്കളോടും അഭ്യർത്ഥിക്കുന്നു. ഒടിടിയിൽ പോലും കാണരുത്. നമ്മൾ ഇത് ചെയ്താൽ, ദശലക്ഷക്കണക്കിന് ഹിന്ദുക്കളെ വേദനിപ്പിക്കുന്ന ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ പൊതു വേദികളിൽ അവർ പങ്കിടില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ് നടൻ സൂര്യ നടത്തുന്ന അഗരം ഫൗണ്ടേഷൻ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കമൽ ഹാസൻ. "രാഷ്ട്രത്തെ മാറ്റാൻ വിദ്യാഭ്യാസത്തിന് മാത്രമേ ശക്തിയുള്ളൂ. സ്വേച്ഛാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ പൊട്ടിക്കാൻ കഴിയുന്ന ഒരേയൊരു ആയുധം വിദ്യാഭ്യാസമാണ്", എന്നായിരുന്നു നടൻ പരാമർശിച്ചത്. നീറ്റ് പരീക്ഷയ്ക്കെതിരെയായിരുന്നു കമൽ ഹാസന്റെ രൂക്ഷ വിമർശനം.

നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ വിദ്യാർത്ഥികളിൽ സമ്മർദ്ദം ചെലുത്തുന്നുവെന്നും നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തമിഴ്‌നാട്ടിൽ നീറ്റ് പരീക്ഷയ്ക്കെതിരെ പലഭാഗങ്ങളിൽ നിന്നും എതിർപ്പ് തുടരുന്നതിനിടെ ഉണ്ടായ കമൽഹാസന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. പരാമർശം അനാവശ്യമാണെന്നായിരുന്നു ബിജെപി നേതാവ് ഖുശ്ബുവിന്റെ പ്രതികരണം. ചടങ്ങിൽ സനാതനത്തെക്കുറിച്ച് സംസാരിച്ചത് തെറ്റാണ്, കാരണം ആരും വിദ്യാഭ്യാസത്തെ സനാതനത്തിൽ ഉൾപ്പെടുത്തുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

തമിഴ്നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ 2023-ൽ നടത്തിയ സനാതന ധർമത്തിനെതിരായ പരാമർശം വലിയ വിവാദമായിരുന്നു. സനാതന ധർമം കേവലം എതിർക്കെപ്പെടേണ്ടതല്ല, പൂർണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സനാതന ധർമത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകർച്ചവ്യാധികളെ ഉന്മൂലനം ചെയ്യേണ്ടതുപോലെ സനാതനത്തെ ഉന്മൂലനം ചെയ്യണമെന്നും സനാതന ധർമം സാമൂഹികനീതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

article-image

vnvn

You might also like

  • Straight Forward

Most Viewed