കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023 ശനിയാഴ്ച മുതൽ ഇന്ത്യൻ സ്കൂളിൽ

കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023 ശനിയാഴ്ച മുതൽ ഇന്ത്യൻ സ്കൂളിൽ. ശനിയാഴ്ച രാവിലെ ഒമ്പതിന് ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസ് ജഷൻമാൽ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ, ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഐ.എസ്.ബി കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് നടക്കുന്നത്. 75 വർഷത്തെ സ്വാതന്ത്ര്യത്തിന്റെയും ജനങ്ങളുടെയും സംസ്‌കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രത്തെ അനുസ്മരിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ സംരംഭമാണ് ആസാദി കാ അമൃത് മഹോത്സവ്. ഒപ്പം ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50 വർഷത്തെ ആഘോഷത്തിന്റെ ഭാഗമായിട്ടുമാണ് സ്‌പോർട്‌സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സ്‌പോർട്‌സ് ഫെസ്റ്റിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.
മേയ് 13 മുതൽ 15വരെ അർജുൻ ചെസ് അക്കാദമിയുടെ പിന്തുണയോടെ നടക്കുന്ന ചെസ് ടൂർണമെന്റോടെ സ്പോർട്സ് ഫെസ്റ്റ് ആരംഭിക്കും. ബാഡ്മിന്റൺ, ടേബിൾ ടെന്നിസ്, ക്രിക്കറ്റ്, ഫുട്ബാൾ, വോളിബാൾ, വടംവലി, കബഡി, അത്‌ലറ്റിക്‌സ് എന്നിവ ഉൾപ്പെടുന്ന മറ്റ് കായിക മത്സരങ്ങളിൽ വിവിധ സ്‌കൂളുകളും പങ്കെടുക്കും. ഏറ്റവും പുതിയ ഫിഡ് മാർഗ നിർദേശങ്ങൾ അനുസരിച്ചായിരിക്കും ടൂർണമെന്റ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 35139522/33190004 നമ്പറുകളിൽ ബന്ധപ്പെടാം.
rdyhfr