കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം; ഓസ്‌ട്രേലിയൻ മാതൃക പരിശോധിക്കാൻ മദ്രാസ് ഹൈക്കോടതി
ഷീബ വിജയൻ
ചെന്നൈ: 16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാൻ നിയമനിർമ്മാണം നടത്തുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. ഓസ്‌ട്രേലിയ അടുത്തിടെ പാസാക്കിയ നിയമത്തിന് സമാനമായ നടപടികൾ ഇന്ത്യയിലും സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നാണ് കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കിയത്.
ഇന്റർനെറ്റിൽ കുട്ടികൾക്ക് അശ്ലീല ഉള്ളടക്കങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജി. ജയചന്ദ്രൻ, കെ.കെ. രാമകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. കുട്ടികളുടെ സംരക്ഷണത്തിനായി ഇത്തരം നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് പഠിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട കോടതി, നിയമം വരുന്നത് വരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ അധികാരികൾക്ക് നിർദേശം നൽകി.
ഇന്റർനെറ്റ് സേവനദാതാക്കൾ കുട്ടികൾക്കായി പ്രത്യേക 'പാരന്റൽ വിൻഡോ' സംവിധാനം ഒരുക്കണമെന്നും 16 വയസ്സിന് താഴെയുള്ളവർക്ക് കർശനമായ നിരോധനം ഏർപ്പെടുത്തണമെന്നുമാണ് ഹർജിക്കാരനായ എസ്. വിജയകുമാർ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഡിസംബർ 10-നാണ് ഓസ്‌ട്രേലിയ കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള ചരിത്രപരമായ നിയമം പാസാക്കിയത്.
hgfgghghj
