മെഗാഫെയറുമായി ഇന്ത്യൻ സ്കൂൾ ബഹ്റൈൻ


ബഹ്റിനിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിലൊന്നായ ഇന്ത്യൻ സ്കൂളിന്റെ മെഗാഫെയർ നവംബർ 23, 24, 25 തീയതികളിൽ ഈസ ടൗണിലെ സ്കൂൾ കാമ്പസിൽ നടക്കുമെന്ന് ചെയർമാൻ പ്രിൻസ് എസ്. നടരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുടുംബങ്ങൾക്ക് വിനോദപരിപാടികൾ ആസ്വദിക്കാനുള്ള കാർണിവലായിരിക്കും ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറെന്ന് അദ്ദേഹം പറഞ്ഞു. കലാമേളയോടൊപ്പം ഇന്ത്യൻ വിഭവങ്ങൾ ലഭ്യമാക്കുന്ന വിവിധ സ്റ്റാളുകളും ഉണ്ടായിരിക്കും. ഇപ്പോൾ നടന്നുവരുന്ന സ്കൂൾ യുവജനോത്സവമായ 'തരംഗി'ന്റെ ഗ്രാൻഡ് ഫിനാലെ 23ന് വൈകീട്ട് ആറിന് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. നവംബർ 24ന് ദക്ഷിണേന്ത്യൻ പിന്നണി ഗായകരായ സിദ്ധാർഥ് മേനോനും മൃദുല വാര്യരും സംഘവും നയിക്കുന്ന സംഗീതപരിപാടികൾ അരങ്ങേറും. നവംബർ 25ന് വൈകീട്ട് ആറിന് ഉത്തേരന്ത്യൻ സംഗീതവുമായി ബോളിവുഡ് ഗായിക ഭൂമി ത്രിവേദിയും സംഘവും ഒത്തുചേരും. പ്രവേശന ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ സന്ദർശകർക്ക് വിവിധ സമ്മാനങ്ങൾ നേടാനുള്ള അവസരം ഉണ്ടായിരിക്കും.

ഒന്നാം സമ്മാന ജേതാവിന് മിത്സുബിഷി എ.എസ്.എക്സ് കാറും രണ്ടാം സമ്മാനമായി എം.ജി 5 കാറും ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ അവതാരകരായ സയാനി മോട്ടോഴ്സ് സമ്മാനിക്കും.മേളയുടെ വിജയത്തിനായി പി.കെ. ഷാനവാസ് ജനറൽ കൺവീനറും മുഹമ്മദ് മാലിം രക്ഷാധികാരിയും പി.എം വിപിൻ കോഓഡിനേറ്ററുമായ 501 അംഗ സംഘാടകസമിതിയാണ് പ്രവർത്തിച്ചുവരുന്നത്. സാമ്പത്തികസുരക്ഷിതത്വമില്ലാത്ത വിദ്യാർത്ഥികളെ സഹായിക്കുന്നതിനായിട്ടാണ് മെഗാഫെയർ സംഘടിപ്പിക്കുന്നതെന്നും, അർഹരായ ആയിരത്തോളം വിദ്ധ്യാർത്ഥികൾക്ക് ഇത് വഴി ഫീസിളവ് നൽകാൻ സാധിക്കുന്നുണ്ടെന്നും പ്രിൻസ് നടരാജൻ വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങൾ കാരണം 2019 മുതൽ സ്കൂളിന് മേള നടത്താൻ കഴിഞ്ഞിരുന്നില്ല. ഇത് കാരണം മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന മേളയുടെ സ്റ്റാൾ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സ്കൂൾ ഭാരവാഹികൾ അറിയിച്ചു.

ഇന്ത്യൻ സ്‌കൂളിന് സമീപമുള്ള നാഷനൽ സ്റ്റേഡിയത്തിലാണ് വരുന്നവർക്കുള്ള പാർക്കിങ് സൗകര്യം ഒരുക്കുന്നത്. സ്കൂൾ കാമ്പസിൽനിന്ന് സ്റ്റേഡിയത്തിലേക്ക് ഷട്ടിൽ ബസ് സർവിസ് ഉണ്ടായിരിക്കുമെന്നും, മേളയും പരിസരവും സി.സി.ടി.വി നിരീക്ഷണത്തിലും സുരക്ഷാകവചത്തിലുമായിരിക്കുമെന്നും വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേള നടത്തുന്നതിന് ആവശ്യമായ അനുമതി ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽനിന്ന് സ്കൂളിന് ലഭിച്ചിട്ടുണ്ടെന്നും നിക്ഷിപ്ത താൽപര്യമുള്ള ചിലർ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് വളരെ ദൗർഭാഗ്യകരമാണെന്നും ചെയർമാൻ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ എൻ.എസ്. പ്രേമലത, ബിനു മണ്ണിൽ വർഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, വി. അജയകൃഷ്‌ണൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, ഫെയർ ഓർഗനൈസിങ് കമ്മിറ്റി ജനറൽ കൺവീനർ പി.കെ. ഷാനവാസ്, രക്ഷാധികാരി മുഹമ്മദ് മാലിം, ജനറൽ കോഓഡിനേറ്റർ പി.എം. വിപിൻ എന്നിവർ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed