ബികെഎസ് അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ 10 മുതൽ 20 വരെ


ബഹ്റൈൻ കേരളീയ സമാജവും ഡിസി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അവസാന വട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു. നവംബർ 10 മുതൽ 20 വരെ പത്ത് ദിവസങ്ങളിലായി നടക്കുന്ന പുസ്തകോത്സവത്തോടനുബന്ധിച്ച് നിരവധി എഴുത്തുക്കാരാണ് ബഹ്റൈൻ സന്ദർശിക്കുന്നത്. നവംബർ 10ന്  ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇഹ്ജാസ് അസ്ലം സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവി അൻവലി വിശിഷ്ടാതിഥിയായി ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടന ദിവസം ബികെഎസ് ചിത്രകലാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പെയിന്റിങ്ങ് എക്സിബിഷനും നടക്കും. നവംബർ 11ന് വൈകീട്ട് എട്ട് മണി മുതൽ നടക്കുന്ന പരിപാടികളിൽ സിനിമാതാരം സിജു വിൽസൺ പങ്കെടുക്കും.  പത്തൊമ്പതാം നൂറ്റാണ്ട് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങും ഇതോടൊപ്പം നടക്കും. തുടർന്ന് ബികെഎസ് ചിത്രകല ക്ലബ്ബിന്റെ നേതൃത്വത്തിൽ  മാസ് പെയിന്റിങ്ങ് ഉണ്ടായിരിക്കും. 

article-image

നവംബർ 12ന് പ്രശസ്ത മാധ്യമപ്രവർത്തകൻ കരൺ താപ്പറുമായുള്ള മുഖാമുഖമാണ് പ്രധാന ആകർഷണം. നവംബർ 13ന് ശശി തരൂർ എം പിയുമായുള്ള സംവാദമുണ്ടായിരിക്കും. അന്നംകുട്ടി ജോസ് പരിപാടിയിൽ അതിഥിയായി പങ്കെടുക്കും. നവംബർ 14ന് ആനന്ദ് നീലകണ്ഠനുമായുള്ള മുഖാമുഖം, നവംബർ 15ന് അമീഷ് ത്രിപാതിയുമായുള്ള വെർച്വൽ ഇന്ററാക്ടീവ് സെക്ഷൻ, എം മുകുന്ദൻ, ജോസ് പനച്ചിപുറം എന്നിവരുമായുള്ള മുഖാമുഖങ്ങൾ എന്നിവയുണ്ടാകും. നവംബർ 16ന് എം മുകുന്ദന്റെ ഡെൽഹി എന്ന രചനയെ ആസ്പദമാക്കിയുള്ള നാടകം അരങ്ങേറും. നവംബർ 17ന് എഴുത്തുക്കാരിയായ ശ്രീപാർവതിയുമായി മുഖാമുഖമുണ്ടാകും. പരിപാടിയുടെ ഭാഗമായി ആദർശ് മാധവൻ കുട്ടിയുടെ ട്രിവാൻഡ്രം ക്രൈം കഥകൾ പ്രകാശനം ചെയ്യും. ബികെഎസ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫി പ്രദർശനവും അരങ്ങേറും.

നവംബർ 18ന് അൽഫൻസ് കണ്ണന്താനവും പുസ്തകോത്സവത്തിൽ പങ്കെടുക്കും. 19, 20 തീയ്യതികളിൽ വിവിധ കലാപരിപാടികളാണ് പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കുന്നത്. രാവിലെ 10 മണി മുതൽ രാത്രി 11 മണി വരെ നടക്കുന്ന പുസ്തകോത്സവത്തിൽ അയ്യായിരം ടൈറ്റിലുകളിലായി ഒരു ലക്ഷത്തോളം പുസ്തകങ്ങളാണ് പ്രദർശിപ്പിക്കുന്നത്. അഞ്ഞൂറ് ദിനാറിന് മുകളിൽ പുസ്തകങ്ങൾ വാങ്ങുന്നവർക്ക് സൗജന്യമായ ഒരു പുസ്തക ഷെൽഫും, ചെലവഴിച്ച തുകയുടെ 10 ശതമാനം മൂല്യം വരുന്ന പുസ്തകങ്ങളും നൽകുമെന്ന് ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള അറിയിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, ബുക് ഫെസ്റ്റ് കൺവീനർ ഷബനി വാസുദേവ് എന്നിവരും പങ്കെടുത്തു. 

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed