എസ്.കെ. പൊറ്റെക്കാട്ട് സാഹിത്യപ്രതിഭാ പുരസ്കാരം അജിത് നായർക്ക്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ലോകസഞ്ചാരിയായ എസ്.കെ. പൊറ്റെക്കാട്ടിന്റെ സ്മരണാർത്ഥം നൽകിവരുന്ന ഈ വർഷത്തെ സാഹിത്യപ്രതിഭാ പുരസ്കാരത്തിന് പ്രമുഖ ബഹ്റൈൻ പ്രവാസിയും എഴുത്തുകാരനും സംവിധായകനുമായ അജിത് നായർ അർഹനായി. മൂന്ന് പതിറ്റാണ്ടിലേറെയായി ബഹ്റൈൻ പ്രവാസിയായ അജിത്ത് നായർ വയനാട് കൽപറ്റ സ്വദേശിയാണ്. മനുഷ്യജീവിതത്തിലെ ലളിതമായ നിമിഷങ്ങളെ ആഴമുള്ള ആഖ്യാനശൈലിയിലൂടെ അവതരിപ്പിച്ച 'പറഞ്ഞാലും തീരാത്ത കഥകൾ' എന്ന കൃതിയാണ് അദ്ദേഹത്തെ ഈ അംഗീകാരത്തിന് അർഹനാക്കിയത്. സാഹിത്യം, സിനിമാ സംവിധാനം, ഛായാഗ്രഹണം തുടങ്ങിയ മേഖലകളിൽ സജീവമായ അജിത് നായർ, ബഹ്റൈനിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യ മലയാള സിനിമയായ 'നിലാവ്' സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ ബി.ബി.സി, നാഷണൽ ജിയോഗ്രാഫിക് തുടങ്ങിയ അന്താരാഷ്ട്ര ചാനലുകൾക്ക് വേണ്ടി ഡോക്യുമെന്ററികൾ നിർമ്മിക്കുകയും അമ്പതിലധികം രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുള്ള ബഹുമുഖ പ്രതിഭയാണ് അദ്ദേഹം.

എസ്.കെ. പൊറ്റെക്കാട്ട് സ്മാരക സമിതി പ്രഖ്യാപിച്ച ഈ വർഷത്തെ പ്രധാന സാഹിത്യ പുരസ്കാരം അർഷാദ് ബത്തേരി എഴുതിയ 'നമ്മുടെ കിടക്ക ആകെ പച്ച' എന്ന നോവലിനാണ് ലഭിച്ചത്. 25,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. വിനു എബ്രഹാം ജൂറി ചെയർമാനായും സുനിൽ സി.ഇ, ഡോ. മുഞ്ഞിനാട് പത്മകുമാർ, ഡോ. ആശ നജീബ്, റാണി പി.കെ എന്നിവർ അംഗങ്ങളായുള്ള പാനലാണ് പുരസ്‌കാരങ്ങൾ നിർണ്ണയിച്ചത്. വാർദ്ധക്യത്തിന്റെ ഏകാന്തതയും സ്നേഹവും പ്രമേയമായ അർഷാദ് ബത്തേരിയുടെ കൃതി ജൂറിയുടെ പ്രത്യേക അഭിനന്ദനം നേടി.

മറ്റ് പ്രധാന വിഭാഗങ്ങളിലെ പുരസ്കാര ജേതാക്കൾ താഴെ പറയുന്നവരാണ്. കഥാ വിഭാഗത്തിൽ ജഹാംഗീർ ഇളയേടത്തിന്റെ 'അലുംനിപോർട്ടൽ' എന്ന കൃതിയും കവിതാ വിഭാഗത്തിൽ ശ്രീജ നടുവത്തിന്റെ 'കാവേറ്' എന്ന കൃതിയും പുരസ്കാരത്തിന് അർഹമായി. ഡോ. താഹിറ കല്ലുമുറിയ്ക്കൽ (കൃതി: ഇന്തധാർ) നോവൽ വിഭാഗത്തിലും, അരുൺ കളപ്പില (കൃതി: ഭ്രമൻ സഞ്ചാരിയുടെ ഹിമാലയം) യാത്രാവിവരണ വിഭാഗത്തിലും പുരസ്കാരങ്ങൾ നേടി. സാഹിത്യം, കല, ശാസ്ത്രം എന്നീ മേഖലകളിലെ മികവിന് കാതലിൻ മരിയ ജീസണ് ബാലപ്രതിഭാ പുരസ്‌കാരവും കണ്ണനുണ്ണിക്ക് ബാലസാഹിത്യ പുരസ്കാരവും ലഭിച്ചു.

ഫെബ്രുവരി 28-ന് മാഹി കലാഗ്രാമത്തിൽ വെച്ച് നടക്കുന്ന പ്രൗഢമായ ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും. സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന ഈ ചടങ്ങിൽ വെച്ച് അജിത് നായർ ഉൾപ്പെടെയുള്ള പ്രതിഭകൾ ആദരിക്കപ്പെടും.

article-image

sdsd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed