‘പ്രവാസവും പ്രമേഹവും’; ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
റിഫ: ബഹ്‌റൈൻ പ്രതിഭ റിഫ മേഖല ഹാജിയത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി “പ്രവാസവും പ്രമേഹവും” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. റിഫയിൽ നടന്ന പരിപാടിയിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ പ്രമുഖ ക്ലിനിക്കൽ ഡയറ്റീഷ്യൻ അഭിഗൈൽ കരോലിൻ ഡേവിഡ് ക്ലാസിന് നേതൃത്വം നൽകി.
പ്രവാസജീവിതത്തിലെ സമ്മർദ്ദങ്ങളും മാറുന്ന ജീവിതശൈലിയും പ്രമേഹത്തിന് എങ്ങനെ കാരണമാകുന്നുവെന്നും, കൃത്യമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ഈ രോഗത്തെ എങ്ങനെ നിയന്ത്രിക്കാമെന്നും അവർ വിശദീകരിച്ചു. ക്ലാസിനുശേഷം നടന്ന സംവാദത്തിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ഡയറ്റീഷ്യൻ മറുപടി നൽകി. ബോധവത്കരണ ക്ലാസിനോടനുബന്ധിച്ച് അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു. പ്രമേഹ പരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക പരിശോധനകളിൽ നിരവധി പ്രവാസികൾ പങ്കെടുത്തു. ആരോഗ്യകരമായ ജീവിതശൈലി പ്രവാസികൾക്കിടയിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രതിഭ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
ഹാജിയത് യൂണിറ്റ് പ്രസിഡന്റ് നിതിൻ ആനന്ദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സരിത മേലത്ത് സ്വാഗതം ആശംസിച്ചു. പരിപാടിയുടെ വിഷയവതാരക അഭിഗൈൽ കരോലിൻ ഡേവിഡിന് പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, വെസ്റ്റ് റിഫ രക്ഷാധികാരി ചന്ദ്രൻ പിണറായി എന്നിവർ ചേർന്ന് ഉപഹാരം നൽകി ആദരിച്ചു. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും പ്രോഗ്രാം കൺവീനറുമായ സജീവ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
ി്പപ


