സമസ്ത ബഹ്‌റൈൻ ഇഫ്താർ സംഗമം മനാമയിൽ തുടക്കമായി; വിപുലമായ സജ്ജീകരണങ്ങൾ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: വിശുദ്ധ റമദാനെ വരവേൽക്കാൻ സമസ്ത ബഹ്‌റൈൻ മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഇഫ്താർ സംഗമവും ആത്മീയ പരിപാടികളും ആരംഭിച്ചു. മനാമ ഗോൾഡ് സിറ്റിയിൽ പ്രവർത്തിക്കുന്ന ഇർശാദുൽ മുസ്‌ലിമീൻ മദ്‌റസ കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾക്കും പ്രാർത്ഥനാ ചടങ്ങുകൾക്കുമായി വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.
റമദാൻ മുപ്പത് ദിവസവും ദിനംപ്രതി 600-ലധികം വിശ്വാസികൾക്ക് വിഭവസമൃദ്ധമായ നോമ്പുതുറ സൗകര്യം ഇവിടെ ലഭ്യമാകും. നോമ്പുതുറയ്ക്ക് മുന്നോടിയായി ഖുർആൻ പാരായണം, ഉദ്ബോധന സദസ്സ്, ദുആ മജ്‌ലിസ് തുടങ്ങി വൈവിധ്യമാർന്ന ആത്മീയ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവാസികൾക്കും സ്വദേശികൾക്കും ഒരേപോലെ ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.
റമദാനിലെ പ്രത്യേക പ്രാർത്ഥനയായ തറാവീഹ് നമസ്കാരത്തിന് മദ്‌റസയ്ക്ക് സമീപത്തുള്ള മസ്ജിദിൽ രാത്രി 10 മണിക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കായി രാത്രി 7:30 മുതൽ മദ്‌റസയിൽ പ്രത്യേക നമസ്കാര സൗകര്യം ലഭ്യമാണ്. വിശുദ്ധ മാസത്തിലെ പുണ്യങ്ങൾ നേടുന്നതിനായി നിരവധി വിശ്വാസികളാണ് ഓരോ ദിവസവും മനാമയിലെ ഈ കേന്ദ്രത്തിൽ എത്തിച്ചേരുന്നത്.
വിദ്യാർത്ഥികളുടെ പഠനത്തിനും ആത്മീയ വളർച്ചയ്ക്കുമായി റമദാൻ കാലയളവിൽ പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം 3:30 മുതൽ 4:30 വരെ ഖുർആൻ ഹിഫ്ള്, പ്രാക്ടിക്കൽ ക്ലാസുകൾ എന്നിവ മദ്‌റസയിൽ നടക്കും. മതപരമായ അറിവ് വർദ്ധിപ്പിക്കുന്നതിനും ഖുർആൻ ഹൃദിസ്ഥമാക്കുന്നതിനും ഈ ക്ലാസുകൾ പ്രയോജനകരമാണ്.
സംഗമത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കുമായി 34332269, 39657486, 36537250 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
്ിേേ്ി


