ഇന്ത്യൻ സ്കൂൾ അദ്ധ്യാപകൻ എം.എസ്. പിള്ള നാട്ടിലേയ്ക്ക് മടങ്ങുന്നു
ഇന്ത്യൻ സ്‌കൂളിലെ 26 വർഷത്തെ സേവനത്തിനു ശേഷം മുതിർന്ന അധ്യാപകനായ എം.എസ്. പിള്ള നാട്ടിലേയ്ക്ക് മടങ്ങുന്നു. അക്കാദമിക് കോഓഡിനേറ്ററായി വിരമിക്കുന്ന എം.എസ്. പിള്ള 1995 ഏപ്രിൽ രണ്ടിന് ഇന്ത്യൻ സ്‌കൂളിൽ സീനിയർ വിഭാഗത്തിൽ ഫ്രഞ്ച് അധ്യാപകനായാണ് ജോലിയിൽ പ്രവേശിച്ചത്. ഫ്രഞ്ച് ഭാഷയിൽ എം.എയും ബി.എഡും നേടിയ ശേഷം മട്ടാഞ്ചേരിയിലെ കൊച്ചിൻ കോളജിലും ചെന്നൈയിലെ എസ്.ബി ഓഫിസേഴ്‌സ് ജൂനിയർ കോളജിലും ലെക്ചററായി ജോലി ചെയ്തിരുന്നു. ഇന്ത്യൻ സ്‌കൂളിൽ ചേർന്ന ശേഷം ഫ്രഞ്ച് ഡിപ്പാർട്മെന്‍റ് തലവനായും സ്കൂളിലെ പ്രഥമാധ്യാപകനായും സേവനമനുഷ്ഠിച്ചു. ഭാഗ്യലക്ഷ്മിയാണ് ഭാര്യ. മക്കളായ രാജ് മനോഹർ, ശ്യാം മോഹൻ എന്നിവരും ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർത്ഥികളാണ്. നാളെയാണ് എം.എസ്. പിള്ളയും കുടുംബവും നാട്ടിലേയ്ക്ക് പോകുന്നത്.
