ഇന്ത്യയുടെയും ബഹ്റൈന്റെയും ഇടയിൽ രണ്ട് വർഷം കൊണ്ട് 1.4 ബില്യൺ യുഎസ് ഡോളറിന്റെ വാണിജ്യവിനിമയം
ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള വാണജ്യബന്ധം ശക്തി പ്രാപികുന്നതായി അധികൃതർ. 2021 2022 വർഷങ്ങളിൽ ഇരു രാജ്യങ്ങളുടെയും ഇടയിൽ 1.4 ബില്യൺ യുഎസ് ഡോളറിന്റെ വാണിജ്യവിനിമയങ്ങളാണ് നടന്നത്. ബഹ്റൈന്റെയും ഇന്ത്യയുടെയും വിദേശകാര്യ പ്രതിനിധികൾ തമ്മിൽ ഡൽഹിയിൽ നടന്ന അഞ്ചാം വട്ട കൂടികാഴ്ച്ചയിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്.ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫയും ഇന്ത്യൻ വിദേശ കാര്യ സഹമന്ത്രി വി മുരളീധരും ഇരു രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധം തുടരേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ചും അതിനായുള്ള പദ്ധതികളെ കുറിച്ചും ചർച്ചകളും നടത്തി. അന്താരാഷ്ട്ര സൗരോർജ കൂട്ടായ്മയിൽ അംഗമായ ബഹ്റൈന്റെ അംഗീകാര പത്രവും വി മുരളീധരന് ബഹ്റൈൻ പ്രതിനിധി കൈമാറി. ബഹ്റൈൻ ഉൾപ്പടെ 86 രാജ്യങ്ങളാണ് ഇതുവരൊയി കൂട്ടായ്മയുടെ ഫ്രേം വർക്ക് കരാറിൽ ഒപ്പുവെക്കുകയും വ്യവസ്ഥകൾ അംഗീകരിക്കുകയും ചെയ്തിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ സൗരോർജ്ജത്തിലൂടെ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നതിനായി ഇന്ത്യയും ഫ്രാൻസും മുൻകൈയെടുത്താണ് അന്താരാഷ്ട്ര സൗരോർജ്ജ കൂട്ടായ്മ രൂപീകരിച്ചത്.
