ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ഓണം-ചതയാഘോഷങ്ങൾ സംഘടിപ്പിച്ചു

മനാമ: ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണം/ ചതയാഘോഷങ്ങൾ പൊന്നോണം 2021 എന്ന പേരിൽ ആഗസ്റ്റ് 13 തീയതി മുതൽ 27 വരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ആഗസ്റ്റ് 13ന് അത്തം നാളിൽ ചലചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് ഔപചാരികമായി ഉദ്ഘാടനം ചെയ്ത ഓണം ചതയാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 23ന് 167−ാമത് ഗുരുജയന്തി ദിനത്തിൽ ബ്രഹ്മശ്രീ. സച്ചിദാനന്ദ സ്വാമികളുടെ അനുഗ്രഹ പ്രഭാഷണവും, തുടർന്ന് പ്രത്യേക ചതയദിന പ്രാർത്ഥനയും പൂജയും നടന്നു.
ആഗസ്റ്റ് 26ന് എസ്. എൻ. സി. എസിന്റെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട വിവിധ കലാപരിപാടികളും ഓണം/ചതയാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ആഗസ്റ്റ് 27 ന് നടന്ന സമാപന സമ്മേളനം സംസ്ഥാന കൃഷി മന്ത്രി. ബഹുമാന്യനായ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് ചെയർമാൻ പവിത്രൻ പൂക്കോട്ടി അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ചെയർമാൻ ജയകുമാർ ശ്രീധരൻ ചതയദിനാശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി പ്രസാദ് വാസു, കൾച്ചറൽ സെക്രട്ടറി ഷിബു രാഘവൻ, ഓണം/ചതയാഘോഷ കമ്മിറ്റി ജോയിന്റ് കൺവീനർമ്മാരായ ഓമനകുട്ടൻ, സിനി അന്പിളി എന്നിവർ ആശംസ നേർന്നു. ജനറൽ കൺവീനർ ലെനിൻ രാജ് നന്ദിയും അറിയിച്ചു. തുടർന്ന് നടന്ന വിവിധ കലാപരിപാടികളും അരങ്ങേറി. കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ പൂർണ്ണമായും ഓൺ ലൈനിലൂടെയാണ് ഈ വർഷത്തെ ആഘോഷങ്ങൾ നടന്നത്.